18 August Saturday
വിദ്യാലയങ്ങൾ തുറന്നു

അക്ഷരമഴയിൽ നനഞ്ഞ് അറിവിന്റെ ലോകത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

മലപ്പുറം എം എസ് പി എൽപിഎസിലെ പ്രവേശനോത്സവത്തിൽനിന്ന്

 

 
മലപ്പുറം
മധ്യവേനലവധിക്കുശേഷം ജില്ലയിലെ വിദ്യാലയങ്ങൾ തുറന്നു.  അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകളെ ഉത്സവാന്തരീക്ഷത്തിലാണ് സ്കൂളിലേക്ക് സ്വീകരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്കൂളുകളും ജനകീയ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ പ്രവേശനോത്സവം. ആകർഷകമായ ചിത്രങ്ങളും ശിൽപ്പങ്ങളും ജൈവവൈവിധ്യപാർക്കുകളും പൂന്തോട്ടങ്ങളുമൊക്കെയായി പശ്ചാത്തല സൗകര്യത്തിൽ വലിയ മാറ്റമാണ് സ്കൂളുകളിൽ ഉണ്ടായത്.
ജില്ലയിൽ 65,558 കുട്ടികളാണ് ഈ വർഷം ഒന്നാംക്ലാസിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾ ഇത്തവണ പൊതുവിദ്യാലയത്തിലെത്തി. 22,285 കുട്ടികളാണ് ഇത്തവണ സർക്കാർ സ്കൂളുകളിൽ ചേർന്നത‌്. 
അടിസ്ഥാനസൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും മെച്ചപ്പെടുത്തിയതോടൊപ്പം വിദ്യാലയങ്ങൾ ഹരിതാഭമാക്കാനും ഈ വർഷം പദ്ധതിയുണ്ട്.
ജില്ലാതല പ്രവേശനോത്സവം തവനൂർ കെഎം ഗവ. യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ  ഉദ്ഘാടനംചെയ്തു. അമ്മമാർ കുട്ടികൾക്കായി നിർമിച്ചുനൽകിയ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചിത്രംപതിച്ച റോക്കറ്റ് മാതൃകയിലുള്ള ഹുണ്ടികമുതൽ നവോഥാന നായകരുടെ ചിത്രംപതിച്ച ബാഡ്ജുകൾ, ഫലവൃക്ഷ തൈകൾ, കൈനിറയെ സമ്മാനങ്ങൾ എന്നിവ നൽകിയാണ് വിദ്യാലയം നവാഗതരെ വരവേറ്റത്. തവള, പാമ്പ്, ആന, തുമ്പി, സിംഹം, തെയ്യക്കോലം, പൂക്കൾ എന്നീ വേഷങ്ങളിലെത്തി മുതിർന്ന ക്ലാസിലെ കുട്ടികൾ നവാഗതരെ സ്വീകരിച്ചു. 
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ വി സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി,  ജില്ലാ പഞ്ചായത്തംഗങ്ങളായ എം ബി ഫൈസൽ, ദേവിക്കുട്ടി, എ ടി സജിത, ഡിഡിഇ കെ ശശിപ്രഭ, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസർ വി നാസർ, രത്നാകരൻ, ഡിഇഒ ഉഷ എന്നിവർ സംസാരിച്ചു. 
യൂണിഫോം വിതരണം, അമ്മമാർക്കുള്ള തൊഴിൽ പരിശീലനം, ടാലന്റ് ഹണ്ട്, യൂ ട്യൂബ് ചാനൽ, ബയോ ബ്ലിക്സ് തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്നു.
പ്രധാന വാർത്തകൾ
Top