22 June Friday

ഒളിമങ്ങാതെ മങ്ങാട്ടുമുറി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

കൊണ്ടോട്ടി മങ്ങാട്ടുമുറി ഗവ. എൽപി സ‌്കൂളിൽ നടന്ന പ്രവേശനോത്സവം

 

കൊണ്ടോട്ടി
ആശങ്കയും പിരിമുറുക്കവും ഒന്നും ആരുടെയും മുഖത്ത‌് നിഴലിച്ചില്ല. വിദ്യാലയം തുറക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇത്തവണ മങ്ങാട്ടുമുറി ഗവൺമെന്റ‌് എൽപി സ‌്കൂളിലെ വിദ്യാർഥികൾ. പാട്ടുപാടിയും കഥപറഞ്ഞും പ്രവേശനോത്സവം അവർ ഗംഭീരമാക്കി. 
പുത്തനുടുപ്പും ബാഗും കുടയും ഒന്നും ഇത്തവണ വാങ്ങിയിട്ടില്ല. ജനകീയ സർക്കാരും നാട്ടുകാരും ഒത്തുചേർന്നപ്പോൾ എല്ലാം സൗജന്യം. മാനേജർ അടച്ചുപൂട്ടിയ സ‌്കൂൾ സർക്കാർ ഏറ്റെടുത്തതോടെയാണ‌് ഈ കുഞ്ഞുങ്ങൾക്കും പഠനത്തിന‌് സൗകര്യമൊരുങ്ങിയത‌്. 
ബാൻഡ‌്മേളത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയാണ‌് വിദ്യാർഥികളെ വരവേറ്റത‌്. പാട്ടും കളിചിരിയുമായി പ്രവേശനോത്സവത്തെ ഗംഭീരമാക്കാൻ ഒരു നാട‌് ഒഴുകിയെത്തി. 
വിവിധ കളറിലുള്ള ബലൂണുകളും അലങ്കരിച്ച സ‌്കൂളും കണ്ട‌് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ പിഞ്ചോമനകൾക്കും ആഹ്ലാദം. കുട്ടികളുടെ കലാപരിപാടിയിൽ രക്ഷിതാക്കളും ചേർന്നു. കവിതചൊല്ലിയും കഥപറഞ്ഞും പാട്ടുപാടിയും അവരും കുട്ടികൾക്കൊപ്പം ചേർന്നു. 
പുസ‌്തകം കുട്ടികൾക്ക‌് നേരത്തെ വിതരണംചെയ‌്തിരുന്നു. കുടയും ബാഗും പഠനോപകരണങ്ങളും  പഞ്ചായത്തും വിദ്യാർഥി സംഘടനകളും സൗജന്യമായി നൽകി. പ്രവേശനോത്സവത്തിന്റെ ഉദ‌്ഘാടനം പുളിക്കൽ പഞ്ചായത്ത‌് പ്രസിഡന്റ‌് സുനീറ അബ്ദുൽവഹാബ‌് നിർവഹിച്ചു. റുബീന ഹസ്സൻ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി കെ രമേശൻ, പിടിഎ പ്രസിഡന്റ‌് കെ പി ശ്രീധരൻ, കെ പി ഉമ്മർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top