22 June Friday

കാട്ടുചോല വറ്റുന്നു; കുടിവെള്ളത്തിന് വഴിക്കടവുകാർ പ്രയാസത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

നാടുകാണി ചുരം പാതയിലെ വറ്റിവരണ്ട കാട്ടുചോല

 

എടക്കര > കാട്ടുതീ കാടിന്റെ ആവാസവ്യവസ്ഥ തകർത്തതോടെ, നാടുകാണി ചുരത്തിലെ കാട്ടുചോലകളിലെ നീരുറവ നിലയ്ക്കുന്നത് വേനലിൽ വഴിക്കടവിലെ ജനജീവിതം ദുസ്സഹമാക്കുന്നു.  ചുരം മേഖലയിലെ ഒന്നാം വളവിന് മുകളിലായി നിബിഢവനത്തിൽ 10 കാട്ടുചോലകളാണുള്ളത്. ഇതിൽ കല്ലള, പോത്തുംകുഴി, ഓടത്തോട്, പൂന്തേനരുവി എന്നീ നാല് ചോലകളിലെ നീരുറവ വറ്റിയത് ഇതാദ്യമായാണ് കാണുന്നതെന്ന് ആനമറിയിലെ എൺപതുകാരനായ കാരക്കോട്ടിൽ മുഹമ്മദാക്ക പറയുന്നു. വഴിക്കടവിലെ ആനമറി, വെള്ളക്കട്ട, പുത്തരിപ്പാടം, കുന്നക്കൽ, കാരക്കോട്, മണൽപാടം എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കാട്ടുചോലയെ ആശ്രയിക്കുന്നത്. 
തമിഴ്നാട്ടിലെ നാടുകാണിയിൽ 462 ഹെക്ടർ വനഭൂമിയിൽ പ്രവർത്തിക്കുന്ന സസ്യ ഗവേഷണ കേന്ദ്രത്തിൽനിന്നും ഒഴുകി വരുന്ന പുഴയാണ് വഴിക്കടവിലെ കാരക്കോടൻ പുഴയായി പരിണമിക്കുന്നത്. ഭൂരിഭാഗവും പുൽമേടുകളാൽ സമൃദ്ധമാണിവിടം. കടുത്ത വേനലിൽ പുൽമേടുകൾക്ക് തീപിടിക്കുക പതിവാണ്. തീപിടിത്തം കാടിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താൻ കാരണമായതോടെ ജലസമ്പത്തിന് ശോഷണം സംഭവിക്കുകയായിരുന്നു. വേനലിൽ നിരന്തരമായുണ്ടാകുന്ന കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ചത് കാട്ടരുവികളെയാണ്. 30 ഡിഗ്രി മുതൽ 60 ഡിഗ്രി വരെയുള്ള ചെങ്കുത്തായ പ്രദേശമായതിനാൽ ഫയർഫോഴ്സിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. 
കടുവപോലുള്ള ഒട്ടനവധി വന്യജീവികളുടെ നിലനിൽപ്പും കാട്ടുതീയും അരുവികളുടെ ശോഷണവുംമൂലം ഭീഷണിയിലാണ്. കാട്ടുചോലകൾ വറ്റിയതോടെ കുടിവെള്ളംതേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും പതിവ് കാഴ്ചയാണ്. സംസ്ഥാന അതിർത്തി പങ്കിടുന്ന ചുരം മേഖലയിലെ കാടിന്റെ പച്ചപ്പും ജലസ്രോതസ്സും സംരക്ഷിക്കാൻ ഇരു സർക്കാരുകളും സംയുക്ത പദ്ധതി തയാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 
പ്രധാന വാർത്തകൾ
Top