23 July Monday

എല്‍ഡിഎഫ്-2, യുഡിഎഫ്-2ജില്ലയില്‍ കരുത്തുകാട്ടി എല്‍ഡിഎഫ് പോത്തുകല്ലില്‍ ഭരണംപിടിച്ചു

സ്വന്തം ലേഖകന്‍Updated: Saturday Jan 13, 2018

രജനി വി കെ ബേബി

 മലപ്പുറം > തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് കരുത്തുകാട്ടി. നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ടു സീറ്റുവീതം നേടി. ഞെട്ടിക്കുളം വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ എല്‍ഡിഎഫ് പോത്തുകല്ല് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. തിരുവാലി പഞ്ചായത്തിലെ എ കെ ജി നഗര്‍ വാര്‍ഡ് എല്‍ഡിഎഫും എടയൂരിലെ തിണ്ടിലം യുഡിഎഫും നിലനിര്‍ത്തി. പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കല്‍ വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ഥി എട്ട് വോട്ടിനാണ് പരാജയപ്പട്ടത്.

പോത്തുകല്ല് ഞെട്ടിക്കുളത്ത് യുഡിഎഫിന്റെ സിറ്റിങ് സീറ്റ്  പിടിച്ചെടുത്താണ് ഭരണമാറ്റത്തിന് വഴിതുറന്നത്. കഴിഞ്ഞ തവണ 84 വോട്ടിന് യുഡിഎഫ് വിജയിച്ച ഇവിടെ 88 വോട്ടിനാണ് സിപിഐ എമ്മിലെ രജനിയുടെ അട്ടിമറി വിജയം. യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനുസ്മിതയാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് 539 വോട്ട് നേടിയപ്പോള്‍, യുഡിഎഫിന് 451 വോട്ടാണ് ലഭിച്ചത്. ഒന്നാം ബൂത്തില്‍ 15 വോട്ടും രണ്ടാം ബൂത്തില്‍ 73 വോട്ടും എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ വിജയിച്ചപ്പോഴും എല്‍ഡിഎഫിലെ പി വി അന്‍വര്‍ പിന്നിലായ വാര്‍ഡിലാണ് കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് എല്‍ഡിഎഫ് മികച്ച വിജയം നേടിയത്. ഇവിടെ രണ്ട് ബൂത്തിലും എല്‍ഡിഎഫ് ലീഡ് നേടി. ബിജെപിയിലെ മിനി ഷാജിക്ക് 34 വോട്ട്.
തിരുവാലി പഞ്ചായത്തിലെ എ കെ ജി നഗര്‍ വാര്‍ഡില്‍ സിപിഐ എമ്മിലെ വി കെ ബേബി യുഡിഎഫിലെ പി ഷമീനയെ 265 വോട്ടിന് പരാജയപ്പെടുത്തി. ബിജെപിയുടെ മിനി പാലക്കപ്പറമ്പില്‍ 85 വോട്ട് നേടി. ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിലെ വി ബീന രാജിവച്ചതിനാലാണ് ഒഴിവുവന്നത്. കാലങ്ങളായി എല്‍ഡിഎഫാണ് തിരുവാലി പഞ്ചായത്ത് ഭരിക്കുന്നത്.
പൊന്നാനി നഗരസഭയിലെ അഴീക്കല്‍ ഒന്നാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എട്ട് വോട്ടിന് വിജയിച്ചു. മുസ്ളിംലീഗിലെ പി അത്തീഖ് 615-ഉം സിപിഐ എമ്മിലെ ഹസൈന്‍ 607-ഉം വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന്മാരായി യുഡിഎഫ് രംഗത്തിറക്കിയ ഹസൈന്‍ അഞ്ചും ഹുസൈന്‍ നാലും വോട്ട് നേടി. കഴിഞ്ഞ തവണ എല്‍ഡിഎഫ് നാല് വോട്ടിന് വിജയിച്ച വാര്‍ഡിലാണ് അപരന്മാരെ രംഗത്തിറക്കിയും കള്ളപ്പരാതി നല്‍കി വോട്ടര്‍ പട്ടിക  മാറ്റിച്ചും യുഡിഎഫ് അധാര്‍മിക വിജയം നേടിയത്. കഴിഞ്ഞ തവണത്തേതിലും എല്‍ഡിഎഫിന്് വോട്ട് കൂടി. എല്‍ഡിഎഫ് കൌണ്‍സിലറായിരുന്ന അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
എടയൂര്‍ പഞ്ചായത്തിലെ തിണ്ടിലത്ത് കെ കെ മോഹനകൃഷ്ണന്‍ എല്‍ഡിഎഫിലെ അനില്‍കുമാര്‍ പറമ്മലിനെ തോല്‍പ്പിച്ച് യുഡിഎഫിന്റെ സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് 609-ഉം എല്‍ഡിഎഫ് 429-ഉം ബിജെപി സ്ഥാനാര്‍ഥിയായ കെ ടി അനില്‍കുമാര്‍ 91-ഉം വോട്ടുനേടി. കഴിഞ്ഞ തവണത്തേക്കാള്‍ 120 വോട്ട് എല്‍ഡിഎഫ് അധികം നേടി. യുഡിഎഫ് അംഗം കെ കമലാസനന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top