Top
23
Thursday, November 2017
About UsE-Paper

താരപ്പകിട്ടില്‍ അനുമോദന രാവ്...

Sunday Nov 12, 2017
* എ രാധാകൃഷ്ണന്‍
ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ ക്വിസ് ഫെസ്റ്റിവല്‍ സമാപനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ നടന്ന കലാപരിപാടികള്‍ വീക്ഷിക്കുന്ന സദസ്സ്
പെരിന്തല്‍മണ്ണ > വര്‍ണങ്ങള്‍ ചാലിച്ച് ഈണങ്ങള്‍ പെയ്ത രാവില്‍ പെരിന്തല്‍മണ്ണയുടെ നഗരരാവിന് താരുണ്യം. ഇളംതലമുറയുടെ അറിവന്വേഷണങ്ങളും വിജയങ്ങളും നാട് ആഘോഷമാക്കി. താളവും സംഗീതവും അരങ്ങുണര്‍ത്തിയ രാഗനിശയില്‍ ആദ്യമെത്തിയത് കൊച്ചുഗായിക ശ്രേയാ ജയദീപ്. ഇളയനിലാ...യുമായി അഫ്സല്‍, തിരുവാവണി രാവുമായി സിതാര. 
'മിനുങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരേ, വരുമോ ചാരേ നിന്നച്ഛന്‍...അടുത്ത കാലത്ത് കുഞ്ഞുങ്ങള്‍ ഏറ്റവുമധികം ഏറ്റുപാടിയ വരികള്‍ ഹൃദയസ്പര്‍ശിയായി ശ്രേയക്കുട്ടി വീണ്ടും പാടി. മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ ചന്തത്തോടെ. അവള്‍ക്കൊപ്പം അനേകം ചുണ്ടുകളിലപ്പോള്‍ ആ വരികളും ഈണവും തത്തിക്കളിച്ചു. സിതാരയുടെ താരാപഥം ചേതോഹരവും വെളുവെളുത്തൊരു പെണ്ണ് എന്ന ഹിറ്റ് ഗാനവുമായി അഫ്സലും മുത്തുച്ചിപ്പിപോലൊരു കത്തിനുള്ളില്‍.. മുസ്തഫ മുസ്തഫ പാട്ടുമായി സച്ചിന്‍വാര്യരും എത്തിയതോടെ സദസ്സ് ഇളകിമറിഞ്ഞു. 
അറിവുത്സവത്തിന്റെ അനുമോദന രാവിന് താരപ്പകിട്ട്്. കുട്ടികളുടെ ജ്ഞാനാന്വേഷണങ്ങള്‍ക്ക് ഒരുജനത കല്‍പ്പിക്കുന്ന പ്രാധാന്യത്തിന്റെ അടയാളമായി ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങും കലാവിരുന്നും അതിന്റെ ഉള്ളടക്കവും പങ്കാളിത്തവും. കേരളം ലോകത്തിന് സമ്മാനിച്ച ഏറ്റവും വലിയ ധിഷണാശാലിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ഇ എം എസിന്റെയും മലയാള കവിതയുടെ ഔന്നത്യം പൂന്താനത്തിന്റെയും പാദസ്പര്‍ശമേറ്റ മണ്ണ്, മലബാര്‍ കലാപം കാര്‍ഷിക സമരമാണെന്ന പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ ഐതിഹാസിക പ്രഖ്യാപനം ഏറ്റുവാങ്ങിയ പെരിന്തല്‍മണ്ണ ഇളംതലമുറയുടെ വിജ്ഞാനനേട്ടങ്ങളെ താലോലിച്ചുറങ്ങി.  
നെഹ്റു സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്റ്റേജില്‍ ചലച്ചിത്രതാരങ്ങളും പിന്നണി ഗായകരും അണിനിരന്ന മ്യൂസിക് കോമഡി ഷോ 'മ്യൂസിക്കല്‍ ഹംഗാമ' ആഘോഷങ്ങള്‍ക്ക് ഉത്സവഛായ പകര്‍ന്നു. ജനം ഒഴുകിയെത്തിയതോടെ ഗാലറിയും ഗ്രൌണ്ടും നിറഞ്ഞ് കവിഞ്ഞു. ജയരാജ് കോഴിക്കോടിന്റെ നേതൃത്വത്തിലുള്ള യെസ് ബാന്‍ഡ് ആണ് ഓര്‍ക്കസ്ട്ര ഒരുക്കിയത്. കീബോര്‍ഡില്‍ വിനീഷ്, ഫൈസല്‍, സുബിന്‍, ബാസ്ഗിറ്റാറില്‍ ശശികൃഷ്ണ, ഓടക്കുഴല്‍- സാക്സോഫോണില്‍ നിഖില്‍ റാം, ഡ്രംസില്‍ വിജിന്‍, തബലയില്‍ സന്തോഷ് എന്നിവരാണ് ഓര്‍ക്കസ്ട്രയെ സമ്പന്നമാക്കിയത്. 
സംഗീത നിശയ്ക്കുശേഷം നടന്മാരായ കലാഭവന്‍ നവാസും നിയാസും ഒരുക്കിയ കോമഡി സ്കിറ്റും മറിമായം ടീമിന്റെ പരിപാടിയും ചിരിയുടെയും ചിന്തയുടെയും പൂത്തിരി കത്തിച്ചു. താരങ്ങളുടെ രൂപഭാവങ്ങള്‍ പകര്‍ത്തി സിറാജ് പയ്യോളി അവതരിപ്പിച്ച 'ഫിഗര്‍ ഷോ' ആസ്വാദകരെ വിസ്മയിപ്പിച്ചു. മണി ഷൊര്‍ണൂര്‍ സുകുമാര്‍ അഴീക്കോടിനെ അനുകരിച്ച് പ്രസംഗിച്ചപ്പോള്‍ സദസ് ഹര്‍ഷാരവങ്ങളില്‍മുങ്ങി.

Related News

കൂടുതൽ വാർത്തകൾ »