16 October Tuesday

അങ്കണം നിറയെ അക്ഷരമുത്തുകള്‍

* ജോബിന്‍സ് ഐസക്Updated: Sunday Nov 12, 2017
പെരിന്തല്‍മണ്ണ > അറിവിന്റെ ആകാശത്ത് കുഞ്ഞുപ്രതിഭകള്‍ മിന്നാമിന്നികളായപ്പോള്‍, ആഘോഷരാവില്‍ താരങ്ങള്‍ കണ്‍ചിമ്മി. വിജ്ഞാനവും വിനോദവും ഇടകലര്‍ന്ന അക്ഷരമുറ്റത്ത് കുട്ടിക്കൂട്ടങ്ങള്‍ കൂടുകൂട്ടിയ ആഹ്ളാദനിറവില്‍ നാടും ഒപ്പംകൂടി. ജില്ലയിലെ സ്കൂള്‍ കുട്ടികളില്‍ ഏറ്റവും മിടുക്കരെ കണ്ടെത്തിയ ഒഡീസിയ-ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ ഫൈനല്‍ മത്സരവും സമ്മാനദാനവും താരപ്പകിട്ടാര്‍ന്ന കലാവിരുന്നും പെരിന്തല്‍മണ്ണയ്ക്ക് അവിസ്മരണീയ അനുഭവമായി. 
മഹാനായ ഇ എം എസിന്റെ ബാല്യകാലത്തിന് സാക്ഷിയായ പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അക്ഷരങ്ങളുടെ കവിമുറ്റം തീര്‍ത്ത് കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനത്തിന് അരങ്ങൊരുക്കി. താന്‍ ചൊല്ലിയ വരികളുടെ രചയിതാവ് ആരെന്ന ചോദ്യത്തിന് ഒ എന്‍ വി എന്ന് ശരിയുത്തരം നല്‍കിയ മത്സരാര്‍ഥി വേങ്ങാട് എഎംയുപിഎസിലെ ഏഴാം ക്ളാസ്  വിദ്യാര്‍ഥി അപര്‍ണയെ മത്സരം ഉദ്ഘാടനംചെയ്യാന്‍ അനുവദിച്ച് അദ്ദേഹം വേദിയെ വിദ്യാര്‍ഥി സൌഹൃദമാക്കി. 
മലയാളത്തിന്റെ കാവ്യസൌന്ദര്യം ചങ്ങമ്പുഴയുടെ വരികള്‍ചൊല്ലിയും സദസ്സിനെ ചൊല്ലിച്ചും കവി ഒപ്പംകൂടി. ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന ജീവിത സത്യങ്ങളെ ഓര്‍മിപ്പിച്ച് സ്വന്തം കവിത നെല്ലിക്ക അദ്ദേഹം ഉച്ചത്തില്‍ പാടി. 
വൈകിട്ട് സമ്മാനദാനവും സാംസ്കാരിക സായാഹ്നവും മന്ത്രി കെ ടി ജലീലാണ് ഉദ്ഘാടനംചെയ്തത്. വിശിഷ്ടാതിഥികളായ ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മിയുടെയും ലോകവിശേഷങ്ങള്‍ യാത്രാവിവരണത്തിലൂടെ കൊച്ചുകേരളത്തിന്റെ സ്വീകരണമുറിയിലെത്തിച്ച സഫാരി ചാനല്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെയും വാക്കുകള്‍ സദസ്സ് ഏറ്റുവാങ്ങി. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അധ്യക്ഷനായി. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് സംസാരിച്ചു. നെഹ്റു സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്റ്റേജില്‍ ചലച്ചിത്രതാരങ്ങളും പിന്നണി ഗായകരും അണിനിരന്ന മ്യൂസിക് കോമഡി ഷോ 'മ്യൂസിക്കല്‍ ഹംഗാമ' കാണികള്‍ക്ക് വിരുന്നൂട്ടി.  
രാവിലെ ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ നിഷി അനില്‍രാജ് അധ്യക്ഷയായി. ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ സി രാജഗോപാലന്‍, ജിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് കെ ടി വഹിദാ ബീഗം, അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ വീരാപ്പു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ പി ഫൌസിയ സ്വാഗതവും റസാഖ് മണക്കടവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 'ശുചിത്വ പരിപാലനവും പുരയിട കൃഷിയും'  വിഷയം മാലിന്യസംസ്കരണത്തിലും ജൈവകൃഷിയിലും മാതൃകയായ കോഴിക്കോട് വേങ്ങേരി നിറവ് റസിഡന്റ്സ്് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബാബു നിറവ് അവതരിപ്പിച്ചു. ഏഴര മിനിട്ടുകൊണ്ട് 750 സ്ഥലപ്പേരുകള്‍ അവതരിപ്പിച്ച് പി ഒ സണ്ണി സദസ്സിന്റെ കൈയടി നേടി. 
വൈകിട്ട് നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സമ്മാനദാനം. ഒന്നാം സ്ഥാനത്തിന് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 7500 രൂപയും നല്‍കി. ചടങ്ങില്‍ സ്റ്റേറ്റ് സ്പോണ്‍സര്‍മാരായ സുമിക്സ് കിഡ്സ്വെയര്‍ എംഡി കെ പി ബീന, ക്രോഡ ഇറ്റാലിയ എംഡി അബ്ദുള്‍ റഷീദ് എന്നിവരെ പി എം മനോജും ജില്ലാ സ്പോണ്‍സര്‍മാരെ ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍ ആര്‍ പ്രസാദും പി ശരത്തും ആദരിച്ചു. കെഎസ്ടിഎ പ്രവര്‍ത്തകരെ സീനിയര്‍ ന്യൂസ്എഡിറ്റര്‍ കെ സി രാജഗോപാലനും പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധികൃതരെ ബ്യൂറോ ചീഫ് പി വി ജീജോയും ആദരിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ നിഷി അനില്‍രാജ്, കിഴിശേരി മുസ്തഫ, കെ സി മൊയ്തീന്‍കുട്ടി, പി ടി ശോഭന, വി മോഹനന്‍, മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു. കവി മുരുകന്‍ കാട്ടാക്കട കവിതചൊല്ലി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ വി രമേശന്‍ സ്വാഗതവും കെ ടി നാഷ്കുമാര്‍ നന്ദിയും പറഞ്ഞു.  
സുമിക്സ്, ക്രോഡ ഇറ്റാലിയ, ദുബായ് ഗോള്‍ഡ്, അക്ബര്‍ അക്കാദമി, ഫോര്‍വിഷ് മാട്രസ്, ലിമോഷി ഇന്‍, ഇമേജ് മൊബൈല്‍സ്, കേരാമൃത് വെളിച്ചെണ്ണ, അര്‍ബന്‍ ബാങ്ക് പെരിന്തല്‍മണ്ണ, ദേവകിയമ്മ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top