Top
16
Tuesday, January 2018
About UsE-Paper

രാജ്യം സംഘര്‍ഷാത്മക ചുറ്റുപാടില്‍: മന്ത്രി ജലീല്‍

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 പെരിന്തല്‍മണ്ണ > കാലുഷ്യത്തിന്റെയും കലാപത്തിന്റെയും സംഘര്‍ഷാത്മകമായ ചുറ്റുപാടാണ് രാജ്യത്ത് ഇപ്പോള്‍ കാണുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. അക്ഷരമുറ്റം വിജയികള്‍ക്ക് സമ്മാനദാനം നടത്തുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയുടെ മഹത്വത്തിന് പേരുകേട്ട നാടാണ് നമ്മുടേത്. എന്നാല്‍ ഇന്ന് ഭരണാധികാരികളുടെപോലും മതവും ജാതിയും ചര്‍ച്ചയാക്കുന്നുണ്ട്. 

എട്ട് നൂറ്റാണ്ട് മുസ്ളിം രാജവംശങ്ങള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അന്ന് ഹൈന്ദവര്‍ യോഗംകൂടി അന്യമതസ്ഥര്‍ ഞങ്ങളെ ഭരിക്കേണ്ട എന്ന് പറഞ്ഞിട്ടില്ല. നാസ്തികനായ നെഹ്റുവും ഇ എം എസും ഭരിച്ചപ്പോഴും ആരും അക്കാര്യം ചോദ്യംചെയ്തില്ല. ഇന്ത്യയുടെ ശ്രീകോവില്‍ എന്നാണ് ഭക്രാംനംഗല്‍ അണക്കെട്ടിനെ നെഹ്റു വിളിച്ചത്. ഇന്ന് ഒരു ഭരണാധികാരി അങ്ങനെ വിളിച്ചാല്‍ സ്ഥിതി എന്താകും. ബഹുസ്വരത നഷ്ടമായാല്‍ രാജ്യം ഇല്ലാതാകും. 
രാജ്യം ഏറെ മുന്നോട്ട് പോയിട്ടും മതനിരപേക്ഷതയുടെ കാര്യത്തില്‍ പിന്നിലായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ സ്ഥാനത്ത് മതഭ്രാന്ത് നമ്മെ മഥിച്ചിരിക്കുന്നു. നമ്മളാരും പരസ്പരം ശത്രുക്കള്‍ അല്ല എന്ന സത്യമാണ് ഏറ്റവും വലിയ അറിവ്- മന്ത്രി പറഞ്ഞു.