Top
16
Tuesday, January 2018
About UsE-Paper

ജന്‍ ഔഷധി സ്റ്റോറുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍: രോഗികള്‍ വലയുന്നു

Sunday Nov 12, 2017
സ്വന്തം ലേഖകന്‍

 മഞ്ചേരി > കുറഞ്ഞ വിലയില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ ഔഷധി സ്റ്റോറുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ആവശ്യത്തിന് മരുന്നുകള്‍ കിട്ടാത്തതിനാല്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്റ്റോറുകള്‍ തുടങ്ങിയവര്‍ നിത്യചെലവിന് പോലും പുറത്തുനിന്നും പണം കണ്ടത്തേണ്ട അവസ്ഥയാണ്. കൊച്ചിയിലെ മൊത്തവിതരണക്കാരനാണ് ജില്ലയിലെ മഞ്ചേരി, പെരിന്തല്‍മണ്ണ ഉള്‍പെടെയുള്ള സ്റ്റോറുകള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത്. ഓഡര്‍ നല്‍കി മാസങ്ങള്‍കഴിഞ്ഞാലും മരുന്നുകള്‍ കിട്ടുന്നില്ലെന്നാണ് പരാതി. ആവശ്യക്കാരേറെയുള്ള ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിതരണവുമില്ല. ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതിത്തുടങ്ങിയ സമയത്താണ് ജന്‍ ഔഷധിയിലെ മരുന്ന് ക്ഷാമം. 

ഏതുതരം മരുന്നിനും പകുതിയില്‍ താഴെയാണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളിലെ വില. പ്രമേഹമുക്തിക്കുള്ള പയോസിസ് 30 മില്ലിഗ്രാം 30 എണ്ണത്തിന് സാധാരണ മെഡിക്കല്‍ സ്റ്റോറുകളില്‍ ഈടാക്കുന്നത് 70 രൂപയാണ്. എന്നാല്‍ ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പിലെ വില 29.13 രൂപ മാത്രം. ഇതേ അസുഖത്തിനുള്ള ഡെല്‍പാറ്റ് 75 മില്ലിഗ്രാം 30 എണ്ണത്തിന് സാധാരണ മെഡിക്കല്‍ സ്റ്റോറുകളില്‍ 135.82 രൂപ ഈടാക്കുമ്പോള്‍ ജന്‍ ഔഷധി വില 39.84 രൂപയും. 30 എണ്ണത്തിന് 242.42 രൂപ ഈടാക്കുന്ന റാസോ 20 മില്ലിഗ്രാം മരുന്നിന്റെ ജന്‍ ഔഷധി വില വെറും 23.70 രൂപ. കൊളസ്ട്രോളിനുള്ള അസ്റ്റോര്‍വാസ് 10 മില്ലിഗ്രാം 30 എണ്ണത്തിന് 190.46 രൂപ ഈടാക്കുമ്പോള്‍ ജന്‍ ഔഷധി വില വെറും 19.92 രൂപയാണ്. ചുമയ്ക്കുള്ള കഫ് സിറപ്പിന് 27 രൂപയും പനിക്കുള്ള പാരസെറ്റമോള്‍ ഗുളിക പത്തെണ്ണത്തിന് ആറുരൂപയും പനിക്കും ശരീരവേദനക്കുമുള്ള ഐബുപ്രോഫെന്‍ പത്തെണ്ണത്തിന് 14 രൂപയും പത്ത് അനാള്‍ജെസിക് ഗുളികകള്‍ക്ക് എട്ടുരൂപയും വൈറ്റമിന്‍ ഗുളികകള്‍ക്ക് രണ്ടുരൂപ മുതലുമാണ് ജന്‍ ഔഷധിയിലെ വില.  
അവശ്യമരുന്നുകള്‍ക്കുപുറമേ സര്‍ജിക്കല്‍ ഉപകരണങ്ങള്‍വരെ പൊതുവിപണിയിലേതിനേക്കാള്‍ പകുതിയില്‍താഴെ വിലയ്ക്ക് ജന്‍ ഔഷധിയില്‍ ലഭിക്കും. മരുന്ന് സ്റ്റോക്ക് തീര്‍ന്നതോടെ രോഗങ്ങളുമായി ഫാര്‍മസിയിലെത്തുന്ന രോഗികള്‍ നിരാശരായി മടങ്ങുകയാണ്. കൊച്ചിയിലെ വെയര്‍ഹൌസില്‍നിന്നുള്ള വിതരണംനിലച്ചതാണ് രോഗികളെ ദുരിതത്തിലാക്കിയത്. 

Related News

കൂടുതൽ വാർത്തകൾ »