17 October Wednesday

ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം നാളെ; തിരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

 തിരൂര്‍ > മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഭാഷാ പിതാവിന്റെ മണ്ണൊരുങ്ങി. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 മുതല്‍ 16 വരെ ശാസ്ത്രോത്സവം നടക്കും. 

ജില്ലാ ശാസ്ത്ര-ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയും വൊക്കേഷണല്‍ എക്സ്പോയുമാണ് തിങ്കളാഴ്ച നടക്കുക. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 85,000-ത്തോളം ശാസ്ത്ര പ്രതിഭകള്‍ മാറ്റുരക്കും. എല്‍പിമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിവിധ തലങ്ങളിലാണ് മത്സരങ്ങള്‍. 
13ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. 14ന് പകല്‍ 11ന് ശാസ്ത്രോത്സവം സി മമ്മൂട്ടി എംഎല്‍എ ഉദ്ഘാടനംചെയ്യും. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കും. ശാസ്ത്രമേളയും പ്രവൃത്തി പരിചയമേളയും ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹൈസ്കൂള്‍ വിഭാഗം വരെയുള്ള ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ജിഎംയുപി സ്കൂളിലും സോഷ്യല്‍ സയന്‍സ് മേള ബിപി അങ്ങാടി ഗേള്‍സിലും ഐടി മേള ബിപി അങ്ങാടി ഡയറ്റിലും വൊക്കേഷണല്‍ എക്സ്പോ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് നടക്കുക. 
എസ്എസ്എം പോളിടെക്നിക് കോളേജിന് മുന്‍വശത്തെ മദ്രസാ ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല. ഭക്ഷണ ശാലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും. 
16ന് വൈകിട്ട് നാലിന് സമാപന സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ മുനീറ കിഴക്കാംകുന്നത്ത് അധ്യക്ഷയാകും. വി അബ്ദുറഹിമാന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
തിരൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ്, ജനറല്‍ കണ്‍വീനര്‍ സി ഐ വത്സല, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിബാവ, തിരൂര്‍ ഡിഇഒ വി പി മിനി, കെ പ്രമോദ്, ആര്‍ കെ ബിനു, കെ എസ് രാജേന്ദ്രന്‍ നായര്‍, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top