16 October Tuesday

പെരിന്തൽമണ്ണ സബ‌്ഡിവിഷനിൽ രണ്ടുവർഷത്തിനിടെ പിടികൂടിയത‌് 30 കോടിയുടെ കുഴൽപ്പണം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

 

നിലമ്പൂർ 
ജില്ലയിൽ പെരിന്തൽമണ്ണ സബ് ഡിവിഷനുകീഴിൽ രണ്ടുവർഷംകൊണ്ട് പിടിച്ചത് 30 കോടി രൂപയുടെ കുഴൽപ്പണം. 2016 മുതൽ 2018 വരെ  പെരിന്തൽമണ്ണയിൽ നിന്നുമാത്രം 29.5 കോടിയുടെ കുഴൽപ്പണം പിടിച്ചു. കുഴൽപ്പണം കടത്തിയ കേസിൽ പെരിന്തൽമണ്ണയിൽ 30 പേരും തിരൂരങ്ങാടിയിൽ നാലുപേരും ഇതുവരെ അറസ്റ്റിലായി. തെരഞ്ഞെടുപ്പ് സമയത്ത് കുഴൽപ്പണ മാഫിയ സജീവമാകും. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഏഴുകോടി 23 ലക്ഷം രൂപയും 13 കിലോ സ്വർണവും പെരിന്തൽമണ്ണയിൽ പിടിച്ചിരുന്നു. 
 2016 നവംബറിൽ കേന്ദ്രസർക്കാർ 500, 1000 നോട്ടുകൾ നിരോധിച്ചതോടെ കുഴൽപ്പണത്തിന്റെ ഒഴുക്കുകൂടി.  പെരിന്തൽമണ്ണ, തിരൂർ, കോട്ടക്കൽ, വേങ്ങര എന്നിങ്ങനെയുള്ള ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കുഴൽപ്പണമാഫിയ പിടിമുറുക്കി. മാസങ്ങൾക്കുള്ളിൽ 
9,20,74,000  രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. 2017 ജനുവരി 14ന് 53 ലക്ഷം,  ഫെബ്രുവരി ആറിന് 1.5 കോടി,  ഡിസംബർ 10ന് 70 ലക്ഷം,  നവംബർ 16ന് 1.10 കോടി,  2018 ഫെബ്രുവരി 13ന് 90 ലക്ഷം,  മെയ് 24ന് മൂന്ന് ലക്ഷം എന്നിങ്ങനെ പെരിന്തൽമണ്ണയിൽ മാത്രം പിടികൂടി. മഞ്ചേരിയിൽ ഒരുകോടി ഇരുപത്തിരണ്ട് ലക്ഷം രൂപയും കരുവാരക്കുണ്ട് ഒരുകോടി രൂപയും പിടിച്ചെടുത്തു.  കോയമ്പത്തൂരിൽനിന്നാണ് പ്രധാനമായും കുഴൽപ്പണം എത്തുന്നതെന്നാണ് സൂചന. മലപ്പുറത്തിനുപുറമേ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ് കുഴൽപ്പണ മാഫിയയുടെ പ്രധാന താവളം.
പ്രധാന വാർത്തകൾ
Top