22 September Saturday

ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
മലപ്പുറം 
ദിവസങ്ങളായി ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയില്‍ ജില്ലയിൽ വ്യാപക നാശം. ജില്ലയിലാകെ 11.38 കോടിയുടെ കൃഷിനശിച്ചു.  147 വീടുകൾ തകർന്നു. ജില്ലയിലെ പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ‌്. അരീക്കോട‌് എടശേരി കടവിൽനിന്ന‌് ചാലിയാറിലേക്ക‌് ചാടിയ അരുണിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന‌് തടസ്സമാകുന്നുണ്ട‌്.    താഴ‌്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. കടലുണ്ടിപ്പുഴ, ചാലിയാർ, ഭാരതപ്പുഴ, മലയോരത്തെ പുന്നപ്പുഴ, കരിമ്പുഴ, കാരക്കോടൻ പുഴ, കലക്കമ്പുഴ, ഇഴുവാതോട‌്, പാണ്ടിപ്പുഴ തുടങ്ങിയവയെല്ലാം കവിഞ്ഞൊഴുകുകയാണ‌്. മൺസൂൺ അരംഭിച്ചതുമുതൽ ജില്ലയിലിതുവരെ 885.81 മില്ലി മീറ്റർ മഴയാണ‌്  ലഭിച്ചത‌്. പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകളിലാണ‌് കനത്ത മഴ ലഭിക്കുന്നത‌്. 137 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണമായും തകർന്നു. 73 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ‌് ഈ മേഖലയിൽമാത്രമുണ്ടായത‌്. നിലമ്പൂർ താലൂക്കിലെ മലയോര മേഖലയിലും കൊണ്ടോട്ടി, പൊന്നാനി താലൂക്കുകളിലായി 729 ഹെക്ടർ സ്ഥലത്താണ‌് കൃഷിനാശമുണ്ടായത‌്. മലയോര മേഖലയിൽ ആറായിരത്തോളം റബർ നശിച്ചു. 200ഓളം ഹെക്ടർ സ്ഥലത്ത് നെൽകൃഷിയും നശിച്ചു. 47 ലക്ഷത്തിലേറെ വാഴകൃഷിക്കും നാശമുണ്ടായി. കൊണ്ടോട്ടി താലൂക്കിലെ ചീക്കോട്, വാഴക്കാട്, വാഴയൂർ പഞ്ചായത്തുകളിലാണ‌് വാഴകൃഷി കൂടുതൽ നശിച്ചത‌്. 
തെങ്ങ‌്‐1500, വാഴ‐4,64,308, കവുങ്ങ്‐4773, റബർ‐ 5400, കുരുമുളക‌് കൊടി‐1280 എന്നിങ്ങനെയാണ‌് വിളകളുടെ നഷ്ടക്കണക്ക‌്.  വാഴകൃഷിയിൽ മാത്രം എട്ടുകോടിയുടെ നാശമാണ‌് റിപ്പോർട്ട‌് ചെയ‌്തിട്ടുള്ളത‌്. കാലവർഷത്തിൽ ജില്ലയിലെ 3288 കർഷകരുടെ കാർഷിക വിളകൾക്കാണ‌് നാശനഷ്ടമുണ്ടായത‌്. ജൂൺ ഒന്നുമുതൽ ജൂലൈ പത്തുവരെയുള്ള കണക്കുകളാണിത‌്. 
പരപ്പനങ്ങാടി, മലപ്പുറം, വെളിയംകോട‌്, പുഴക്കാട്ടിരി, വെട്ടത്തൂർ, നന്നമ്പ്ര, മാറഞ്ചേരി, പാണ്ടിക്കാട‌്, മൊറയൂർ, കാളികാവ‌്, ചുങ്കത്തറ, അമരമ്പലം, എആർ നഗർ, തൃക്കലങ്ങോട‌്, കീഴുപറമ്പ‌്, ചേലേമ്പ്ര, ചീക്കോട‌്, താനാളൂർ, പൂക്കോട്ടൂർ, ഉൗർങ്ങാട്ടിരി, വാഴയൂർ, ചാലിയാർ, ചെറുകാവ‌്, താനൂർ, എടവണ്ണ, വേങ്ങര, അരീക്കോട‌്, തവനൂർ, ഊരകം, പുൽപ്പറ്റ, മങ്കട, എടപ്പാൾ, ഒഴൂർ, പറപ്പൂർ, കൊണ്ടോട്ടി, എടരിക്കോട‌്, തവനൂർ, കരുളായി, മഞ്ചേരി, പൂക്കോട്ടൂർ, കുഴിമണ്ണ,  പെരുമ്പടപ്പ‌്, പെരുമണ്ണ ക്ലാരി, ചോക്കാട‌്, വാഴക്കാട‌്, വേങ്ങര, വാലഞ്ചേരി, മൂത്തേടം, നന്നംമുക്ക‌്, നെടിയിരുപ്പ‌് കൃഷി ഭവനുകളുടെ പരിധിയിലാണ‌്  കൃഷിനാശം ഏറെയുണ്ടായത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top