21 July Saturday

ഒറ്റപ്രസവത്തിൽ ജനിച്ച നാല് കൺമണികൾ ഇന്ന് അക്ഷരമുറ്റത്തേക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

മുഹ​മ്മദ് ഹാഷിം, മുഹമ്മദ് ഹിഷാം, ഫാത്തിമ ഹനീന, ഫാത്തിമ ഹംന

വി സെയ‌്ദ‌്
എടപ്പാൾ
ഒറ്റപ്രസവത്തിൽ ജനിച്ച നാല് കൺമണികൾ ആദ്യാക്ഷരം കുറിക്കാൻ ചൊവ്വാഴ‌്ച വിദ്യാലയത്തിലേക്ക്. ചങ്ങരംകുളത്തിനടുത്ത് കോക്കൂർ പോസ്റ്റ് ഓഫീസിനുസമീപത്ത‌് താമസിക്കുന്ന കാണിയിൽ ഹുസൈൻ﹣സൽമ ദമ്പതികളുടെ മക്കളായ മുഹമ്മദ് ഹാഷിം, മുഹമ്മദ് ഹിഷാം, ഫാത്തിമ ഹനീന, ഫാത്തിമ ഹംന എന്നിവരാണ് കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൽകെജിയിൽ  എത്തുന്നത്. ഇവർക്ക‌് അഞ്ച് വയസായി.
സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന ഭൗതികസാഹചര്യങ്ങളുള്ള ഈ സ‌്കൂളിൽ  മികച്ച ശിക്ഷണം കുട്ടികൾക്ക‌് കിട്ടുമെന്ന‌് ഉറപ്പുണ്ടെന്ന‌് മാതാപിതാക്കൾ പറയുന്നു. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് സ്‌കൂളിലേക്ക്. സ്‌കൂൾവാഹനം  വീട്ടുമുറ്റത്തെത്തും. സൽമയുടെ രണ്ടാമത്തെ പ്രസവത്തിലാണ് ഈ നാല് കൺമണികളും പിറന്നത്. ആദ്യപ്രസവത്തിൽ ജനിച്ച ഇഹ്‌സാനക്ക് ഇപ്പോൾ വയസ് ഇരുപതായി. ഡിഗ്രി ഫൈനൽ കഴിഞ്ഞ് ഇപ്പോൾ സിഎക്ക് ചേർന്നിരിക്കുകയാണ്. ഇഹ്‌സാനക്ക് 15 വയസുള്ളപ്പോഴാണ് സൽമയുടെ രണ്ടാം പ്രസവം. ഇപ്പോൾ നാലുപേർക്കും അഞ്ചുവയസ് തികയുന്നു. ഇഹ്‌സാനയെ പ്ലസ്ടുവരെ പഠിപ്പിച്ചതും സർക്കാർ സ്‌കൂളിൽതന്നെ. 
വർഷങ്ങളായി ദുബായിയിലെ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ ജോലിചെയ്യുകയാണ് ഹുസൈൻ. മക്കളായ നാൽവർസംഘം സ്‌കൂളിലേക്ക് പോകുന്നതിന്റെ സന്തോഷം ദുബായിയിലെ ജോലിസ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ‌്ക്കുകയാണ് ഹുസൈൻ.
പ്രധാന വാർത്തകൾ
Top