19 January Saturday
ചെലവ‌് 131 കോടി

പരപ്പനങ്ങാടി ഹാര്‍ബറിന്റെ പ്രവൃത്തി ഈ വർഷം തുടങ്ങും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

പ്രകൃതിദുരന്തത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ട ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായ തുക മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കൈമാറുന്നു

 

താനൂർ
പരപ്പനങ്ങാടിയിൽ 131 കോടി രൂപാ ചെലവിൽ ഹാർബർ പ്രവൃത്തി ഈ വർഷംതന്നെ തുടങ്ങുമെന്ന് ഫിഷറീസ്   മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 
പ്രകൃതിദുരന്തത്തിൽ വള്ളവും വലയും നഷ്ടപ്പെട്ട ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായ തുക താനൂർ ഉണ്യാലിൽ കൈമാറുകയായിരുന്നു മന്ത്രി. 
 ഉണ്യാലിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതീ യുവാക്കൾക്കും കായികതാരങ്ങൾക്കുമായി സ്റ്റേഡിയം യാഥാർഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. 
ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പരിശീലിപ്പിക്കും. ഓരോ ഗ്രാമങ്ങളിൽനിന്നും 15 വീതം മത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി സുരക്ഷാ ചുമതല നൽകുമെന്നും മന്ത്രി വ്യക്തമാക്കി.  
39 മത്സ്യബന്ധന വള്ളങ്ങൾക്കാണ് രണ്ടുകോടി മുപ്പത് ലക്ഷത്തി നാൽപ്പത്തിഅയ്യായിരത്തി എഴുപത്തിയഞ്ച് രൂപയുടെ ധനസഹായം അനുവദിച്ചത്. 
കേരള ചരിത്രത്തിലാദ്യമായാണ് പ്രകൃതിദുരന്തത്തിൽ നഷ്ടംസംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് ഒന്നാകെ ഇത്രയും ധനസഹായ തുക അനുവദിക്കുന്നത‌്.  മത്സ്യത്തൊഴിലാളി  യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹികൾ ഈ ആവശ്യം ഉന്നയിച്ച‌ിരുന്നു. മന്ത്രിയും  സ‌്പീക്കറും യൂണിയനെ അഭിനന്ദിക്കുകയുംചെയ‌്തു. 
പൊതുസമ്മേളനം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം
നൽകാൻ കാര്യക്ഷമമായ സ്ഥിരം സംവിധാനംവേണമെന്ന് അദ്ദേഹം പറഞ്ഞു. വി അബ്ദുറഹ്മാൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം കൂട്ടായി ബഷീർ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ,  സുഹ്റ റസാഖ്, വൈസ് പ്രസിഡന്റ് കെ വി സിദ്ദീഖ്, സ്ഥിരസമിതി   ചെയർമാൻ പി പി സൈതലവി, മത്സ്യഫെഡ് ഡയറക്ടർ കെ കെ സതീഷ്‌കുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഇ ജയൻ, കെ പുരം സദാനന്ദൻ, മൊയ്തീൻകുട്ടി ഹാജി, ഹംസു മേപ്പുറത്ത്, കെ എ റഹീംഎന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top