Top
25
Saturday, November 2017
About UsE-Paper

നസറുള്ള ജനപ്രതിനിധിസ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ശക്തം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 തിരൂര്‍ > സോളാര്‍ കേസില്‍ ഉള്‍പ്പെട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി പി നസറുള്ള തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തം. മന്ത്രി എ പി അനില്‍കുമാറിന്റെ പിഎ ആയിരുന്ന കാലത്തെ ചെയ്തികളാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്. അനില്‍കുമാറും നസറുള്ളയും വിവിധ ദിവസങ്ങളില്‍ സരിതയെ പീഡിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. രാത്രികാലങ്ങളില്‍ മണിക്കൂറുകളോളം ഫോണില്‍ വിളിച്ച് അശ്ളീല സംഭാഷണം നടത്തിയിരുന്നതായും ഫോണ്‍ കാള്‍ ലിസ്റ്റ് തെളിവായി സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സരിത എസ് നായരില്‍നിന്നും അനില്‍കുമാറിനായി നസറുള്ള ഏഴ് ലക്ഷം രൂപ കൈപ്പറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ നസറുള്ളയും പ്രതിസ്ഥാനത്ത് വരുമെന്നതിനാല്‍ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ജില്ലയിലെ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായ എ പി അനില്‍കുമാര്‍ മന്ത്രിയായ രണ്ട് തവണയും നസറുള്ളയെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരുന്നു. നസറുള്ള തവനൂര്‍ മണ്ഡലം പ്രസിഡന്റ് ആയിരുന്ന സമയത്തും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നിരുന്നു. എന്നാല്‍ അനില്‍കുമാര്‍ നസറുള്ളയ്ക്കായി ശക്തമായി ഇടപെട്ടു. അനില്‍കുമാറിന്റ ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് നസറുള്ളയെ സംരക്ഷിക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം ഇപ്പോള്‍ പറയുന്നത്.