17 October Wednesday

അഭയവും കരുതലുമൊരുക്കി ആശ്വാസനടപടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
സ്വന്തം ലേഖകൻ 
നിലമ്പൂർ 
മലയോരമേഖലയിൽ പെയ്ത കനത്ത മഴയിലും ഉരുൾപൊട്ടലിലും നാടും വീടും നഷ്ടമായവർക്ക് ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കി സർക്കാരും നാട്ടുകാരും. കരുവാരക്കുണ്ട്, മമ്പാട്, നിലമ്പൂർ, അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം, ചോക്കാട്, വണ്ടൂർ വില്ലേജുകളിലായി 12 ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് ജനങ്ങളെ മാറ്റി. 1035 പേർ ക്യാമ്പുകളിലുണ്ട്. 290 സ്ത്രീകളും 165 കുട്ടികളും ഇവിടങ്ങളിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളായ 10 പേർ പുള്ളിപ്പാടം പൊങ്ങല്ലൂർ സ്‌കൂളിലെ ക്യാമ്പിലാണ‌്. ജില്ലയിലാകെ 18 ക്യാമ്പുകളാണുള്ളത‌്. 
   നിലമ്പൂരിൽ ചേലശേരിക്കുന്ന് പെന്തക്കോസ്ത് ചർച്ച്, ചാലിയാറിൽ നമ്പൂരിപ്പൊട്ടി ജമാഅത്ത് മുസ്ലിം പള്ളി, ഇടിവണ്ണ എൽപി സ്‌കൂൾ, മുനവറൽ ഇസ്ലാം മദ്രസ വടപുറം, പള്ളിക്കുന്ന് പീസ് പബ്ലിക് സ്‌കൂൾ, പൊങ്ങല്ലൂർ ഗവ. എൽപി സ്‌കൂൾ, പെരുമ്പത്തൂർ ജിഎൽപി സ്‌കൂൾ, എരുമമുണ്ട നിർമല എച്ച്എസ്എസ്, എലിപ്പറ്റ ഭാസ്‌കരന്റെ വീട്ടിലെ താൽകാലിക ഷെഡ്ഡ്, കരുവാരക്കുണ്ടിൽ നളന്ദ കോളേജ്, തരിശ് ജിഎൽപി, പുല്ലങ്കോട് ഗവ. ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിലായാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടങ്ങളിൽ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തി. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്യാമ്പുകളും ദുരിതാശ്വാസകേന്ദ്രങ്ങളിൽ സജ്ജമാക്കി. റവന്യു, പൊലീസ് ഉദ്യോഗസ്ഥർക്ക് ഓരോ കേന്ദ്രങ്ങളുടെയും ചുമതല നൽകി. സൗജന്യ റേഷൻ ഉടൻ നൽകും.
വസ്ത്രം, കിടക്ക, പായ, മറ്റ‌് ഉപകരണങ്ങൾ തുടങ്ങിയവ  സന്നദ്ധ സംഘടനകൾ എത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സമീപത്തെ പ്രൈമറി ഹെൽത്ത് സെന്ററുകൾമുതൽ ജില്ലാ ആശുപത്രിവരെ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. 
പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുൻകരുതലുമായി നാഷണൽ സർവീസ് സ്‌കീം, ജെആർസി, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളും ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെയുണ്ട്.  മന്ത്രി എ കെ ശശീന്ദ്രന്റെ മേൽനോട്ടത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നു.
പ്രധാന വാർത്തകൾ
Top