22 November Thursday
മേൽപ്പാലം യാഥാർഥ്യമാകുന്നു

എടപ്പാൾ പറക്കും, ഫ്ലൈ ഓവർ ചിറകിൽ

സ്വന്തം ലേഖകൻUpdated: Friday Nov 9, 2018

എടപ്പാൾ മേൽപ്പാലത്തിന്റെ രൂപരേഖ

 
എടപ്പാൾ
കോഴിക്കോട‌്–-തൃശൂർ പാതയിലെ ഗതാഗതക്കുരുക്കിന‌് പരിഹാരമായി എടപ്പാൾ മേൽപ്പാലം യാഥാർഥ്യമാകുന്നു. ജനുവരിയിൽ  നിർമാണം തുടങ്ങും. ഇതുസംബന്ധിച്ച ടെൻഡറിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 
പ്രളയത്തെ  തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധി തരണംചെയ്യാൻ അത്യാവശ്യമല്ലാത്ത ചില പദ്ധതികൾ ഉപേക്ഷിക്കുന്നതിൽ ഇതും ഉൾപ്പെടുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നെങ്കിലും ആശങ്കയകന്നു. 13.68 കോടി രൂപയാണ് നിർമാണ ചെലവ്. എടപ്പാൾ ജങ്ഷനിൽ കുറ്റിപ്പുറം–--തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം നിർമിക്കുക. 
പൂർണമായും സർക്കാർ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡിൽ റൈഹാൻ കോർണറിൽനിന്നാരംഭിച്ച് തൃശൂർ റോഡിൽ പഴയ എഇഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേൽപ്പാലം വരുന്നത്. ഏഴര മീറ്റർ വീതിയും പാർക്കിങ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ വീതം നടപ്പാതയും നിർമിക്കാനാണ് പദ്ധതി.  
ടൗണിന്റെ മുഖഛായ മാറ്റുന്ന സ്വപ്നപദ്ധതിക്ക‌് വ്യാപാരികളുടെയും പൂർണ പിന്തുണയുണ്ട‌്. ടൗണിന്റെ വികസനത്തിന് എതിരല്ലെന്നും വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് നിർമാണം കൊണ്ടുപോകണമെന്നും ടൗണിലെ വ്യാപാരികളുടെ പ്രതിനിധികളായ മുഫാഷീർ കുഴിമന, ഇ പ്രകാശ് എന്നിവർ പറഞ്ഞു. നിർമാണ പ്രവൃത്തി നടത്തുമ്പോൾ റോഡ് പൂർണമായും അടച്ചിടരുത്.  റോഡിന്റെ ഒരുഭാഗത്ത് നിർമാണ പ്രവൃത്തി നടത്തുമ്പോൾ മറുഭാഗത്തെ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാനും ചെറുവാഹനങ്ങൾ കടന്നുപോകാനും സൗകര്യമൊരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം മന്ത്രി കെ ടി ജലീലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വ്യാപാരി പ്രതിനിധികൾ പറഞ്ഞു.
തൃശൂർ–--കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാൾ. 
നാല് റോഡുകൾ സംഗമിക്കുന്ന ജങ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്ക് നാലുവർഷം മുമ്പ് കെ ടി ജലീൽ എംഎൽഎ മുൻകൈയെടുത്താണ് മേൽപ്പാലമെന്ന ആശയം കൊണ്ടുവന്നത‌്. ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അന്നത്തെ യുഡിഎഫ് സർക്കാരിന് സമർപ്പിച്ചു.
 എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പദ്ധതി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ പദ്ധതിയുടെ നിർമാണത്തിനായി തുക വകയിരുത്തി. കിഫ്ബി ഫണ്ട‌് ഉപയോഗിച്ചാണ് നിർമാണം. റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ (ആർബിഡിസി) കേരളയ്ക്ക് കൈമാറിയ നിർമാണത്തിനായി അവർ തയ്യാറാക്കിയ പുതിയ പ്ലാനും എസ്റ്റിമേറ്റും കിഫ്ബി അംഗീകരിച്ചു.
പ്രധാന വാർത്തകൾ
Top