15 November Thursday

ട്രെയിനുകളുടെ സമയമാറ്റം യാത്രക്കാർക്ക‌് ദുരിതമാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തിരൂർ 
പുതിയ റെയിൽവേ സമയപ്രകാരം പീക്ക് സമയത്തുള്ള ചെന്നൈ മംഗലാപുരം മെയിലും യശ്വന്ത്പുര്‍ കണ്ണൂർ എക്സ്പ്രസും മിനിറ്റുകളുടെ വ്യത്യാസത്തിൽ സമയംമാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. 
മലബാറിലെ ബംഗളൂരു യാത്രക്കാരും പാലക്കാടുമുതൽ ഹ്രസ്വദൂര യാത്രക്കാരും നിത്യയാത്രക്കാരും ദിനേന ആശ്രയിക്കുന്ന യശ്വന്ത്പുര്‍ കണ്ണൂർ എക്സ്പ്രസ് പഴയ സമയപ്രകാരം പാലക്കാടുനിന്നും ചെന്നൈ മെയിലിന്റെ തൊട്ടുമുന്നിൽ യാത്ര നടത്തിയിരുന്നു. കണ്ണൂർവരെയുള്ളവരുടെയും ബംഗളൂരുവിൽനിന്നുള്ളവരുടെയും ഇഷ്ട ട്രെയിൻ പൊടുന്നനെ ചെന്നൈ മെയിലിന് പിറകിലാക്കി തലതിരിഞ്ഞ പരിഷ്കാരമാണ് നടത്തിയത്. 
അതേ സമയം ചെന്നൈ മംഗളൂരു സൂപ്പർ മെയിൽ പാലക്കാടുമുതൽ അരമണിക്കൂർ മുന്നോട്ട് ആക്കിയും പരിഷ്കരിച്ചു. ഫലത്തിൽ പാലക്കാട് കണ്ണൂർ സെക്ടറിലെ മൊത്തം യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിക്കുന്നു. 
പാലക്കാടുനിന്നും ഒരേ റൂട്ടിലേക്ക് രണ്ട് ട്രെയിനുകൾ ചെറിയ വ്യത്യാസത്തിൽ പീക്ക് സമയത്ത് സർവീസ് നടത്തുകയും കൂടുതൽ സമയം എസ്കോർട്ടായി സ്റ്റോപ്പ് കുറഞ്ഞ ട്രെയിൻ പതുക്കെ പോവുകയുംചെയ്യുന്നത് പരിഹരിച്ചില്ലെങ്കിൽ പലരും ബസിനെ ആശ്രയിക്കുമെന്ന് യൂസേഴ്സ് ഫോറം ഭാരവാഹികളായ മുനീർ കുറുമ്പടി, എം സി മനോജ് കുമാർ, കെ അനിൽകുമാർ എന്നിവർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top