18 September Tuesday

ജില്ലാ പഞ്ചായത്ത് യോഗം ആകെ ഡിവിഷൻ 32; യോഗത്തിന് 19 പേർ

സ്വന്തം ലേഖകൻUpdated: Friday Mar 9, 2018

 മലപ്പുറം >  ജില്ലാ പഞ്ചായത്തിൽ 32 അംഗങ്ങളുണ്ടെങ്കിലും പ്രധാന അജൻഡയുമായി വ്യാഴാഴ്ച ചേർന്ന യോഗത്തിനെത്തിയത് 19 പേർ മാത്രം. വന്നവരിൽ ചിലർ രജിസ്റ്ററിൽ ഒപ്പിട്ട് അൽപ്പനേരം സീറ്റിലിരുന്ന് സ്ഥലംവിട്ടു. യോഗം ചേർന്ന് നിമിഷങ്ങൾക്കകം  പ്രസിഡന്റ്, സെക്രട്ടറി, സ്ഥിരംസമിതി അധ്യക്ഷൻമാർ എന്നിവരിരിക്കുന്ന ചേംബറിൽ സെക്രട്ടറിയും പ്രസിഡന്റും മാത്രമായി. പങ്കെടുത്ത അംഗങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാനാകാതെ പ്രസിഡന്റും ചുമതലയുള്ളവരും വിയർത്തു. 

    യുഡിഎഫ് പ്രതിനിധികൾക്ക് ജനങ്ങളുടെ പ്രശ്നങ്ങളിലല്ല മറിച്ച് വ്യക്തിപരമായ കാര്യങ്ങളിലും തിരക്കുകളിലുമാണ് ശ്രദ്ധയെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങൾ പലപ്പോഴും ക്ലബ് യോഗങ്ങൾ പോലെയാണെന്നും എൽഡിഎഫ് അംഗം അഡ്വ. ടി കെ റഷീദലി പറഞ്ഞു.
പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനത്തിനും പ്രവൃത്തികളുടെ ടെൻഡർ നടപടി അംഗീകരിക്കാനുമാണ് വ്യാഴാഴ്ച യോഗം ചേർന്നത്. പകൽ 11ന് തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഒന്നരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഈ സമയം ഹാളിനകത്ത് പ്രസിഡന്റുൾപ്പെടെ 13 പേർ മാത്രം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ടെന്നിരിക്കെ 16 ബ്ലോക്കുകളുള്ള ജില്ലയിൽ യോഗത്തിനെത്തിയത് രണ്ട് പ്രസിഡന്റുമാർ മാത്രം.
യോഗ നടപടി ആരംഭിച്ചശേഷം നാല് അംഗങ്ങൾകൂടി എത്തിയെങ്കിലും അപ്പോഴേക്കും നാലുപേർ പുറത്തുപോയി. യോഗത്തിനെത്തിയ രണ്ട് സ്ഥിരം സമിതി അധ്യക്ഷരും വൈസ് പ്രസിഡന്റും മറ്റുചില കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് സ്ഥലംവിട്ടു. രജിസ്റ്ററിൽ യോഗത്തിൽ പങ്കെടുത്ത 19 പേർ ഒപ്പിട്ടെകിലും യോഗം തുടങ്ങി അവസാനംവരെ ഹാളിലിരുന്നത് വിരലിലെണ്ണാവുന്നവർ.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ പ്രധാനപ്പെട്ട അജൻഡകൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ അംഗങ്ങളുടെ നിരുത്തരവാദപരമായ സമീപനം എൽഡിഎഫ് അംഗം അഡ്വ. ടി കെ റഷീദലി ചൂണ്ടിക്കാട്ടിയപ്പോൾ സ്ഥലംവിട്ടവർ അനുവാദം വാങ്ങിയിട്ടുണ്ടെന്നും യോഗത്തിന് എത്താത്തവർ വനിതാദിന പരിപാടികളിൽ പങ്കെടുക്കുന്നതിനാലാണെന്നുമായിരുന്നു പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്റെ മറുപടി. എന്നാൽ മാർച്ച് എട്ട് വനിതാ ദിനമാണ് എന്നുള്ളത് പ്രസിഡന്റിനും ഉത്തരവാദപ്പെട്ടവർക്കും അറിയാമെന്നിരിക്കെ ഇതേ ദിവസം യോഗം വിളിച്ചതെന്തിനെന്ന ചോദ്യത്തിന് പ്രസിഡന്റിന് മറുപടിയുണ്ടായില്ല. ഇതേ അജൻഡയിൽ വരും ദിവസങ്ങളിലും യോഗം ചേരാമല്ലോ എന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ വാദം. എൽഡിഎഫിലെ മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top