17 July Tuesday

ഹരിത കേരള മിഷനിലൂടെ മുന്നേറ്റം

ആര്‍ ഹണീഷ്കുമാര്‍Updated: Friday Dec 8, 2017

 *

മലപ്പുറം > വെള്ളിയാഴ്ച ഒരുവയസഹരിതകേരളം മിഷന് ് പൂര്‍ത്തിയാകുമ്പോള്‍ ജില്ലാ മിഷന് അഭിമാനിക്കാനേറെ.  മാലിന്യസംസ്കരണം, ജലസംരക്ഷണം, കൃഷി പുനരുജീവിപ്പിക്കല്‍ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ ജില്ലാ മിഷന്റെ ഏകോപനത്തില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍. 
ജലമുണ്ടെങ്കിലേ കൃഷിയുള്ളൂവെന്ന തിരിച്ചറിവില്‍ ജലസ്രോതസ്സുകള്‍ വീണ്ടെടുത്തും സംരക്ഷണം ഏര്‍പ്പെടുത്തിയും ഒരുപ്പൂ കൃഷി നടത്തിയിരുന്ന പാടങ്ങളില്‍ ഇരുപ്പൂകൃഷിയിലും നൂറുമേനി വിളയിച്ചും കരനെല്‍കൃഷി വ്യാപിപ്പിച്ചും തരിശുനിലങ്ങളെ കൃഷിയിടങ്ങളാക്കിയും ഹരിതകേരളം മുന്നേറുകയാണ്. ആദ്യവര്‍ഷം തന്നെ 645 ശുചിത്വ പദ്ധതികള്‍ക്കാണ് അംഗീകാരമായതെന്ന്  ജില്ലാ കോ-ഓഡിനേറ്റര്‍ പി രാജു പറഞ്ഞു. 
ഹരിത കര്‍മസേന
ഉറവിട മാലിന്യസംസ്കരണത്തിനാണ് മാലിന്യസംസ്കരണത്തില്‍ പ്രാമുഖ്യം. സ്വാതന്ത്യ്രദിനത്തില്‍ മാലിന്യത്തില്‍നിന്ന് മോചനമെന്ന മുദ്രാവാക്യവുമായി ജില്ലയിലെങ്ങും സര്‍വേ നടത്തി, വിവിധ മാലിന്യസംസ്കരണ രീതികള്‍ മനസ്സിലാക്കി. കലക്ടറുടെ വസതിയില്‍ ബയോ ഗ്യാസ് പ്ളാന്റ് സ്ഥാപിച്ച് മാതൃകയായി. പഞ്ചായത്ത്-മുനിസിപ്പാലിറ്റികളില്‍ അജൈവ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തി. ഒപ്പം ഹരിത കര്‍മസേനക്കും രൂപംനല്‍കി. 58 പഞ്ചായത്തുകളില്‍ ഹരിത കര്‍മസേന പ്രവര്‍ത്തിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ ഉടന്‍ പരിശീലനം ആരംഭിക്കും. ഓരോ ബ്ളോക്ക് പഞ്ചായത്തിലും പ്ളാസ്റ്റിക് പൊടിക്കുന്ന യൂണിറ്റ് ആരംഭിക്കും. മാറഞ്ചേരി, പെരിന്തല്‍മണ്ണ എന്നീ ബ്ളോക്കുകളില്‍ പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ഉദ്ഘാടനത്തിന് തയ്യാറായി. 
പ്രവര്‍ത്തനസജ്ജമായ ഹരിത കര്‍മസേനയുള്ള 30 പഞ്ചായത്തുകളെയും വളാഞ്ചേരി, മലപ്പുറം, നിലമ്പൂര്‍ മുനിസിപ്പാലിറ്റികളെയും ഉള്‍പ്പെടുത്തി സമഗ്രമായ മാലിന്യസംസ്കരണത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ പ്രവര്‍ത്തനം ജനുവരി ഒന്നിന് ആരംഭിക്കും. മാലിന്യ സംസ്കരണത്തില്‍ ജില്ലയില്‍ മാതൃകാപ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്ത് കരുളായിയും മുനിസിപ്പാലിറ്റി പെരിന്തല്‍മണ്ണയുമാണ്. 
3589 ഹെക്ടറില്‍ 
പച്ചക്കറികൃഷി 
കൃഷിവകുപ്പുമായി സഹകരിച്ച് 656 ഹെക്ടറില്‍കൂടി നെല്‍കൃഷി വ്യാപിപ്പിച്ചു. 241.79 ഹെക്ടറില്‍ കരനെല്‍കൃഷി നടത്തിയതോടൊപ്പം 408 ഹെക്ടറില്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാന്‍ 46 ക്ളസ്റ്ററുകള്‍ രൂപീകരിച്ച് 230 ഹെക്ടര്‍ സ്ഥലത്ത് കൃഷി തുടങ്ങി. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി 3,30,000 വിത്ത് പാക്കറ്റ് വിതരണംചെയ്തു. 408 സംയോജിതകൃഷിക്ക് നേതൃത്വംനല്‍കി. 3589 ഹെക്ടറിലാണ് പച്ചക്കറികൃഷി നടത്തിയത്. പത്ത് വിപണനകേന്ദ്രങ്ങളും ആരംഭിച്ചു. വരുന്ന പരിസ്ഥിതിദിനത്തില്‍ 20 ലക്ഷം വൃക്ഷ തൈകള്‍ വിതരണംചെയ്യാനുള്ള ഒരുക്കത്തിലാണ്. 
ജലസംരക്ഷണം
സമഗ്രമായ ജലസംരക്ഷണനയം മുന്‍നിര്‍ത്തിയാണ് പദ്ധതികള്‍ ആവിഷ്കരിച്ചത്. ജില്ലയിലാകെ മുന്നൂറോളം കുളങ്ങളാണുള്ളത്. പൊതുകുളങ്ങള്‍ വൃത്തിയാക്കി ജലസേചനത്തിന് ഉപയോഗപ്പെടുത്തും. ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഭൂമിയിലേക്ക് ഒഴുക്കാനുള്ള പദ്ധതികളായി. തടയണകളുടെ അറ്റകുറ്റപ്പണികള്‍ക്ക് രൂപംനല്‍കും.  
ഭാരതപ്പുഴയെ വീണ്ടെടുക്കാന്‍ പുനര്‍ജനിക്ക് രൂപംനല്‍കി. ഒപ്പം ഓലിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയുടെ സംരക്ഷണത്തിനും പദ്ധതിയായി. നിലമ്പൂര്‍ ബ്ളോക്കിന്റെ മാലിന്യമുക്ത ചാലിയാറിനായി പ്രോജക്ട് തയ്യാറാക്കിയത് ഐആര്‍ടിസിയാണ്. പുഴ സംരക്ഷണത്തിന്റെ ഭാഗമായി സംരക്ഷണഭിത്തി നിര്‍മാണം, പാര്‍ശ്വങ്ങളില്‍ മുള വച്ചുപിടിപ്പിക്കല്‍, മാലിന്യമൊഴുക്കുന്നത് തടയല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ എന്നിവയുമുണ്ടാകും. 
ഹരിതസംഗമം ഇന്ന്  
മലപ്പുറം > ഹരിത കേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷിക ഭാഗമായി വെള്ളിയാഴ്ച തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതസംഗമം നടക്കും. വിവിധ മേഖലകളില്‍ നടത്തിയ നേട്ടങ്ങളും ഏറ്റെടുക്കേണ്ട പദ്ധതികളും ചര്‍ച്ചചെയ്യും. ഇവയിലുണ്ടാകുന്ന നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ കൈമാറും. ഒപ്പം മികച്ച മാതൃകകളുടെ പ്രദര്‍ശനവും നടക്കും. 
രാവിലെ 10ന് സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ തെരഞ്ഞെടുത്ത ശുചിത്വ മാതൃകകളുടെ പ്രദര്‍ശനം നടക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഹരിതസംഗമം പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനംചെയ്യും. സിവില്‍ സ്റ്റേഷനില്‍ മികച്ച ഹരിതസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് വിതരണംചെയ്യും. ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന ഹരിതസംഗമത്തില്‍ ഓഫീസ് മേധാവികളും ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസറും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
 
പ്രധാന വാർത്തകൾ
Top