Top
17
Sunday, December 2017
About UsE-Paper

മാലിന്യത്തില്‍നിന്നും വരുമാനം; ഇത് കരുളായി മാതൃക

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
കരുളായി മൈലപ്പാറയിലെ ഖരമാലിന്യകേന്ദ്രം ഹരിതമിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ. ടി എന്‍ സീമ സന്ദര്‍ശിക്കുന്നു

 പൂക്കോട്ടുംപാടം > മാലിന്യസംസ്കരണം കീറാമുട്ടിയാകുമ്പോള്‍  ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഇത്തരം പദ്ധതികള്‍ എങ്ങനെ ജനോപകാരപ്രദമാക്കാമെന്നതിന്റെ മാതൃകയായി കരുളായി പഞ്ചായത്ത്. ഹരിതകേരളം മിഷന്റെ ഒന്നാം പിറന്നാളില്‍ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കയാണ് കരുളായി.  

ഒന്നാംഘട്ടത്തില്‍ മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തി. തുടര്‍ന്ന്  കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്ന് അജൈവ മാലിന്യം ശേഖരിക്കാന്‍ തുണിസഞ്ചികള്‍ വിതരണംചെയ്തു. അവ ശേഖരിക്കാനും നടപടികളെടുത്തു. ശേഖരിച്ച പാഴ്വസ്തുക്കള്‍ മൈലമ്പാറയില്‍ സെഗ്രഗേഷന്‍ പ്ളാന്റില്‍ എത്തിക്കും. ഇവിടെവച്ച് ഹരിതസേനാംഗങ്ങള്‍ പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തരംതിരിക്കും. ഹോട്ടലുകളില്‍നിന്നും ഒഴിവാക്കുന്ന ടിഷ്യു പേപ്പര്‍ ഉള്‍പ്പെടെയുള്ള പേപ്പര്‍, കുപ്പിച്ചില്ല്, ടൈല്‍സ്, സിഎഫ്എല്‍, സാനിറ്ററി വെയര്‍ മാലിന്യം, ചെരുപ്പ്, കളിപ്പാട്ടങ്ങള്‍, വളകള്‍ ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള്‍ ഇവിടെ തരംതിരിച്ച് മാറ്റും. വൃത്തിയാക്കിവച്ച ഇത്തരം പാഴ്വസ്തുക്കള്‍ ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് എത്തിച്ചുനല്‍കുന്നതാണ് പ്രധാന ജോലി. ഇതിന് കോഴിക്കോട് വെസ്റ്റ്ഹില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് ഇക്കോ സൊല്യുഷന്‍ സ്ഥാപനത്തെയാണ് പഞ്ചായത്ത് ചുമതലപ്പെടുത്തിയത്. 
ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിനുപുറമെ പഞ്ചായത്ത് നല്‍കുന്ന ആനുകൂല്യങ്ങളുമാണ് ഗ്രീന്‍ വേംസിന്റെ വരുമാനമാര്‍ഗം. ഇപ്രകാരം രണ്ട് ഘട്ടങ്ങളിലായി 24 ടണ്ണോളം കുപ്പിച്ചില്ലുകളും പ്ളാസ്റ്റിക് മാലിന്യങ്ങും കയറ്റിയയച്ചു. ഇതോടെ പഞ്ചായത്ത് ഭരണസമിതിക്കാകട്ടെ  മാലിന്യസംസ്കരണത്തിനായി നീക്കിവയ്ക്കേണ്ട തുകയില്‍ കുറവുണ്ടാകുന്നു. മാലിന്യത്തിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതികപ്രശ്നങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രസിഡന്റ് വിശാരിയില്‍ അസൈനാര്‍ പറഞ്ഞു. 
മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകള്‍ക്ക് ശുചിത്വ കാര്‍ഡ് വിതരണംചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തരംതിരിച്ച് മാലിന്യമിടാനുള്ള ബിന്നുകള്‍ സ്ഥാപിക്കും. മൈലമ്പാറയിലുള്ള സെഗ്രഗേഷന്‍ പ്ളന്റിനോട് ചേര്‍ന്ന് ജൈവ മാലിന്യം സംസ്കരിക്കാനും അവ ജൈവവളമാക്കി മാറ്റാനുമുള്ള തയ്യാറെടുപ്പിലാണ്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ  കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ജൈവവളം ലഭിക്കുന്നതോടൊപ്പം സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തെന്ന ബഹുമതിയും തേടിയെത്തും.