20 July Friday

ചെമ്പടയിരമ്പം

സ്വന്തം ലേഖകന്‍Updated: Wednesday Nov 8, 2017

ഒക്ടോബര്‍ വിപ്ളവത്തിന്റെ ശതാബ്ദിയാഘോഷ ഭാഗമായി മലപ്പുറത്ത് നടന്ന പൊതുയോഗം ഉദ്ഘാടനംചെയ്യാനെത്തിയ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ വേദിയിലേക്ക് ആനയിക്കുന്നു

 മലപ്പുറം > മഹത്തായ റഷ്യന്‍ വിപ്ളവത്തിന്റെ അനശ്വരത പുതുക്കി മലപ്പുറത്ത് ആവേശകരമായ ചുവപ്പ് വളന്റിയര്‍ മാര്‍ച്ചും ബഹുജന റാലിയും. 

ചൂഷകവ്യവസ്ഥയ്ക്ക് അന്ത്യമുണ്ടെന്നും മറ്റൊരു ലോകം സാധ്യമാണെന്നും തെളിയിച്ച രണസ്മരണകളുടെ ഭ്രമണപഥത്തില്‍ വീണ്ടും ചെമ്പടയിരമ്പി. വെള്ളക്കാരന്റെ നിറതോക്കുകള്‍ക്ക് വിരിമാറുകാട്ടിയ ധീരത നെഞ്ചേറ്റുന്ന കോട്ടക്കുന്നിന്റെ താഴ്വാരം അശരണരുടെ വിമോചന സ്വപ്നങ്ങള്‍ക്കെന്നും പ്രചോദനമായ സോവിയറ്റ് സോഷ്യലിസ്റ്റ് ദിഗ്വിജയങ്ങളുടെ വീരസ്മരണകളെ വാരിപ്പുണര്‍ന്നു. അനുപമമായ ധീരതയും ത്യാഗസന്നദ്ധതയും കരുത്താക്കി ഹിറ്റ്ലറുടെ നാസി പട്ടാളത്തെ തുരത്തി ജര്‍മന്‍ റൈഖ്സ്റ്റാഗിലും ചെങ്കൊടിപാറിച്ച ചെമ്പടയുടെ വിജയകാഹളം അവരുടെ ചുവടുകളില്‍ പുനര്‍ജനിച്ചു. പുതിയകാലത്തെ വിഴുങ്ങാനൊരുങ്ങുന്ന അധിനിവേശ, അമിതാധികാര പ്രമത്തതകള്‍ക്ക് താക്കീതായി നവംബര്‍ ഏഴിന്റെ റാലിയും മാര്‍ച്ചും. 
വര്‍ഗചൂഷണത്തിനും സാമ്രാജ്യത്വാധിപത്യത്തിനും സാമൂഹ്യവും വര്‍ഗീയവുമായ  അടിച്ചമര്‍ത്തലിനുമെതിരെയുള്ള പോരാട്ടം തുടരുമെന്ന പ്രതിജ്ഞ പുതുക്കിയായിരുന്നു ഒക്ടോബര്‍ വിപ്ളവ ശതാബ്ദിയാഘോഷത്തിന് പരിസമാപ്തികുറിച്ച ഉജ്വല റെഡ് വളന്റിയര്‍ പരേഡും പ്രകടനവും. വിശാഖപട്ടണത്ത് ചേര്‍ന്ന സിപിഐ  എം 21-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ആഹാനപ്രകാരം ആദ്യ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ ഉള്ളടക്കവും സന്ദേശവും ജനങ്ങളിലെത്തിക്കാനായി കഴിഞ്ഞവര്‍ഷം നവംബര്‍ ഏഴുമുതല്‍ സംസ്ഥാനത്തെമ്പാടും നടന്ന അനുസ്മരണ പരിപാടികള്‍ക്ക് സമാപനംകുറിച്ച്  മലപ്പുറം കുന്നുമ്മലില്‍ നടന്ന ബഹുജന റാലിയും പരേഡും വന്‍ ജനമുന്നേറ്റമായി. എല്ലാവര്‍ക്കും തൊഴിലും പാര്‍പ്പിടവും ഭക്ഷണവുമെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച സോവിയറ്റ് സോഷ്യലിസ്റ്റ് മാതൃകയെ അവര്‍ വാഴ്ത്തിപ്പാടിയും ധീരരക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുമായിരുന്നു പരിപാടി. 
വിവേചനവും ചൂഷണവുമില്ലാത്ത ബദലിനായി ഒന്നിച്ച് മുന്നേറാമെന്ന മുദ്രാവാക്യവുമായാണ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും ജനസഞ്ചയം ഒത്തുചേര്‍ന്നത്. മലബാറിന്റെ ഐതിഹാസികമായ സാമ്രാജ്യവിരുദ്ധ പോരാട്ട ചരിത്രത്തിന് ഹൃദയാഭിവാദ്യമര്‍പ്പിച്ച്, വിപ്ളവ യുദ്ധതന്ത്രത്തിന്റെ ലോകനായകനും മാനവ വിമോചന സിദ്ധാന്തത്തിന്റെ ആചാര്യനുമായ ലെനിന്റെ പിന്മുറക്കാര്‍ ചുവടുവയ്ക്കുന്നത് കാണാന്‍ പാതയോരങ്ങളിലും  നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. അനീതിക്കും വര്‍ഗ ചൂഷണത്തിനുമെതിരെയുള്ള സമരത്തില്‍ അണിചേര്‍ന്ന മനുഷ്യര്‍ക്ക് ഏതു തിരിച്ചടികളും കരുത്താക്കി കുതിക്കാന്‍ പ്രചോദനമേകുന്നതായി വര്‍ണശബളമായ അനുസ്മരണ പരിപാടികള്‍.
വര്‍ഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബഹുജനപ്രകടനവും ചുവപ്പ് വളന്റിയര്‍ മാര്‍ച്ചും. സമാപന സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. സിവില്‍ സ്റ്റേഷനുമുന്നില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ഇ എന്‍ മോഹന്‍ദാസ്  സ്വാഗതം പറഞ്ഞു. 
ചുവപ്പ് വളന്റിയര്‍ മാര്‍ച്ച് എംഎസ്പി സ്കൂള്‍ പരിസരത്തുനിന്നും ബഹുജന പ്രകടനം മഞ്ചേരി റോഡിലെ യൂത്ത് സെന്റര്‍ പരിസരത്തു നിന്നുമാണ് ആരംഭിച്ചത്. 16 ഏരിയാ കമ്മിറ്റികളുടെയും വനിതാ വളന്റിയര്‍മാരുടെയും പ്ളാറ്റൂണ്‍ പരേഡില്‍ അണിനിരന്നു. പ്രകാശ് കാരാട്ട് സല്യൂട്ട് സ്വീകരിച്ചു. ചിത്രകാരന്‍ നാരായണന്‍കുട്ടി വരച്ച ലെനിന്റെ ചിത്രം പ്രകാശ് കാരാട്ടിന് സമ്മാനിച്ചു. 
സിപിഐയില്‍നിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും വേദിയിലേക്ക് സ്വീകരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top