21 September Friday

റോഡുകളുടെ കുഴിയടയ്‌ക്കല്‍: എസ്റ്റിമേറ്റായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
മലപ്പുറം
ജില്ലയിൽ കാലവർഷക്കെടുതിയിൽ നശിച്ച പൊതുമരാമത്ത് റോഡുകളുടെ കുഴിയടക്കൽ പ്രവർത്തനത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയതായി എക്‌സിക്യൂട്ടീവ് എൻജിനിയർ ഇ ഹരീഷ് അറിയിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളുടെയും കുഴിയടക്കുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്. തുടർന്ന‌്, രണ്ട് ഘട്ടങ്ങളിലായി മറ്റ് പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കും. 
രണ്ടാംഘട്ടത്തിൽ റോഡുകളുടെ സംരക്ഷണ ഭിത്തി, കലുങ്കുകൾ, ഡ്രെയിനേജുകൾ എന്നിവക്കുള്ള പദ്ധതി തയ്യാറാക്കി സമർപ്പിക്കും. മൂന്നാംഘട്ടത്തിൽ റോഡുകളുടെ ഉപരിതലം പുതുക്കിപ്പണിയുന്നതിനുള്ള പദ്ധതിയും സമർപ്പിക്കും. 
ജില്ലയിലെ നാല് പാലങ്ങളുടെ പുനരുദ്ധാരണത്തിനും എസ്റ്റിമേറ്റ് തയ്യാറാക്കി. വണ്ടൂർ മണ്ഡലത്തിലെ കാക്കത്തോട് പാലത്തിന് നാല് കോടിയും ചെള്ളിതോടിന് 1.5 കോടിയും ചെലവുവരും. കൊണ്ടോട്ടി മണ്ഡലത്തിലെ എടവണ്ണപ്പാറ പാലത്തിന് 75 ലക്ഷവും വള്ളിക്കുന്ന് മണ്ഡലത്തിലെ ഇരുമ്പോത്തിങ്ങൽ പാലത്തിന് 15 കോടിയുമാണ് എസ്റ്റിമേറ്റ് തുക. 
പാലങ്ങളിലും റോഡുകളിലും പ്രളയകാലത്തെ ഏറ്റവും ഉയർന്ന ജലവിതാനം രേഖപ്പെടുത്തുന്നതിനായി റോഡ്‌സ് വിഭാഗം 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി. ദീർഘകാലം നിലനിൽക്കുന്നതിനായി പാലങ്ങളിൽ  കോൺക്രീറ്റിൽ ഉറപ്പിച്ച ഗ്രാനൈറ്റിൽ അളവ് രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. റോഡിനുസമീപം വെള്ളം ഉയർന്ന സ്ഥലങ്ങളിലും പ്രത്യേകം കോൺക്രീറ്റിൽ അളവ് രേഖപ്പെടുത്തും. ഇതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി.
ദേശീയപാതകളിലെ കുഴിയടക്കൽ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് ഇസ്മയിൽ പറഞ്ഞു. 20 കോടിയുടെ നഷ്ടമാണ് കാലവർഷക്കെടുതിയിൽ ദേശീയ പാതക്കുണ്ടായത്. ദേശീയപാത മലപ്പുറംമുതൽ മുസ്ല്യാരങ്ങാടിവരെയുള്ള ഭാഗങ്ങളിൽ കുഴിയടക്കൽ പൂർത്തിയായി. നിർമാണ സമാഗ്രികളുടെ ലഭ്യതക്കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
വിവിധ മണ്ഡലങ്ങളിലെ റോഡുകളുടെ എണ്ണവും തുകയും
മഞ്ചേരി 25 റോഡുകൾ (രണ്ട് കോടി), മലപ്പുറം 19 (1.37 കോടി), നിലമ്പൂർ 17 (3.72 കോടി), എറനാട് 25 (3.42 കോടി), മങ്കട 14 (90 ലക്ഷം), പെരിന്തൽമണ്ണ 19 (1.37 കോടി), വണ്ടൂർ 17 (1.77 കോടി), കൊണ്ടോട്ടി 13 (99 ലക്ഷം), താനൂർ ആറ് (33 ലക്ഷം), തിരൂർ 13 (63 ലക്ഷം), വള്ളിക്കുന്ന് എട്ട് (24 ലക്ഷം), തിരൂരങ്ങാടി നാല് (12 ലക്ഷം), വേങ്ങര ഒമ്പത് (41 ലക്ഷം), കോട്ടക്കൽ 31 (2.54 കോടി), പൊന്നാനി ഏഴ് (35.70 ലക്ഷം), തവനൂർ എട്ട് (31 ലക്ഷം).
പ്രധാന വാർത്തകൾ
Top