Top
22
Monday, January 2018
About UsE-Paper

'കേരളം ശാസ്ത്രത്തോടൊപ്പം' റാലി 14ന്

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌

 മലപ്പുറം > ശാസ്ത്രവാരാഘോഷത്തിന്റെ ഭാഗമായി 14ന് മലപ്പുറത്ത് 'കേരളം ശാസ്ത്രത്തോടൊപ്പം' റാലി നടത്തുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ഡോ. പി മുഹമ്മദ് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്രലോകത്ത് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ സി വി രാമന്റെ 129-ാം ജന്മദിനവും മാഡം ക്യൂറിയുടെ 150-ാം ജന്മദിനവുമായ ഏഴുമുതല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ 14 വരെയാണ് ശാസ്ത്ര വാരാഘോഷം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍.    

  ചൊവ്വാഴ്ച ശാസ്ത്രത്തില്‍ മമ്പാട് എംഇഎസിലും കാലാവസ്ഥാ വ്യതിയാനത്തില്‍ ബുധനാഴ്ച കെഎഫ്ആര്‍ഐയിലും സെമിനാര്‍ നടത്തും. മലപ്പുറം ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ ശാസ്ത്രാധ്യാപക സംഗമം. ഒമ്പതിന് വളാഞ്ചേരി എംഇഎസ് കെവിഎമ്മില്‍ ജീവന്റെ ഉല്‍പത്തി ശാസ്ത്ര സെമിനാര്‍, 10ന് മലപ്പുറത്ത് സയന്‍സ് മിറാക്കിള്‍ ഷോ, 11ന് പഞ്ചായത്തുതല വിജ്ഞാനോത്സവങ്ങള്‍, 12ന് പെരിന്തല്‍മണ്ണയില്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തി സെമിനാര്‍, 13ന് ശാസ്ത്ര സ്ഥാപനങ്ങളിലേക്ക് ശാസ്ത്രജാലകം യാത്ര എന്നിങ്ങനെയാണ് ജില്ലയിലെ പരിപാടികള്‍.
ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളെ ജീവിതത്തില്‍ പ്രയോജനപ്പെടുത്തുമ്പോഴും ശാസ്ത്രത്തെയും ശാസ്ത്ര രീതികളെയും തള്ളിപ്പറയുന്ന പ്രവണതയുണ്ട്. യഥാര്‍ഥ ശാസ്ത്രം അപഹസിക്കപ്പെടുകയും കപടശാസ്ത്രങ്ങള്‍ക്കും ശാസ്ത്ര നാട്യങ്ങള്‍ക്കും സ്ഥാനക്കയറ്റം ലഭിക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ തോക്കിനിരയാകുകയുംചെയ്യുന്ന കാലത്താണ് റാലി ഫോര്‍ സയന്‍സ് നടത്തുന്നത്. ജനലക്ഷങ്ങളുടെ ജീവന്‍രക്ഷിച്ച വാക്സിനുകള്‍ക്കെതിരെ പോലും ശാസ്ത്രവിരുദ്ധര്‍ വ്യാജ പ്രചാരണമഴിച്ചുവിടുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി ആര്‍ പ്രമോദ്, കെ കെ  ജനാര്‍ദനന്‍ എന്നിവരും പങ്കെടുത്തു.