Top
17
Sunday, December 2017
About UsE-Paper

മാറ്റത്തിനായ് തുടിച്ച് വേങ്ങര

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

 

 
വേങ്ങര > ചുവപ്പ് മുണ്ടുടുത്ത് കൂറ്റന്‍ ചെമ്പതാകയേന്തി ഇരുചക്രവാഹനങ്ങളില്‍ പ്രസരിപ്പോടെ കുതിക്കുന്ന യുവാക്കള്‍, സമ്മേളനകേന്ദ്രങ്ങളിലേക്ക് നീങ്ങുന്ന സ്ത്രീകളുടെ ചെറുസംഘങ്ങള്‍, എങ്ങും മുഴങ്ങുന്ന പ്രചരണഗാനങ്ങള്‍- വേങ്ങര മണ്ഡലം മാറ്റത്തിന്റെ മറ്റൊരു പാതയിലേക്ക് മനസ്സുവച്ചതിന്റെ തുടിപ്പാണിത.് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നാല് കേന്ദ്രങ്ങളിലും നടന്ന റാലികള്‍ വിജയവിളംബരമായി. പറപ്പൂര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, എആര്‍ നഗര്‍ പഞ്ചായത്തുകളിലാണ് വന്‍ റാലി സംഘടിപ്പിച്ചത്.
സംഘപരിവാര്‍ കടന്നാക്രമണങ്ങള്‍ ചെറുക്കുന്ന ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയാണ് ജനങ്ങളില്‍. മുസ്ളിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും അവസരവാദനയങ്ങള്‍ തിരിച്ചറിഞ്ഞവര്‍ ഇത്തവണ മാറിച്ചിന്തിക്കാന്‍ ഒരുങ്ങുന്നു. ചെന്തോരണങ്ങള്‍ ചുവപ്പിച്ച റോഡുകളില്‍ ഉച്ചമുതലേ പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. കണ്ണമംഗലം പഞ്ചായത്ത് റാലി അച്ചനമ്പലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. നസീം അധ്യക്ഷനായി. 
മന്ത്രിമാരായ കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, എംപിമാരായ സി പി നാരായണന്‍, പി കെ ബിജു, കെ സോമപ്രസാദ്, എംഎല്‍എമാരായ എസ് ശര്‍മ, പി കെ ശശി, പുരുഷന്‍ കടലുണ്ടി, എന്‍എന്‍ കൃഷ്ണദാസ്, എ പി അബ്ദുള്‍വഹാബ് എന്നിവര്‍ സംസാരിച്ചു. പോക്കര്‍ സ്വാഗതം പറഞ്ഞു. 
ഒതുക്കുങ്ങല്‍, പറപ്പൂര്‍, എആര്‍ നഗര്‍ റാലികളുടെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അത്യുജ്വലമായ വരവേല്‍പ്പാണ് ലഭിച്ചത്. ഒതുക്കുങ്ങല്‍  റാലിയില്‍ കുരുണിയല്‍ നജീബ് അധ്യക്ഷനായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ എ സമ്പത്ത്, എം ബി രാജേഷ്, മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ, പി ടി എ റഹീം എന്നിവര്‍ സംസാരിച്ചു. കെ മജ്നു സ്വാഗതം പറഞ്ഞു. എംഎല്‍എമാരായ ജയിംസ്മാത്യു,  എ പ്രദീപ്കുമാര്‍, എ വിജയരാഘവന്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായി. 
കുന്നുംപുറത്ത് അബുസാലിഹ് മൌലവി അധ്യക്ഷനായി. മന്ത്രി ഇ ചന്ദ്രശേഖരന്‍, എംപിമാരായ പി കെ ശ്രീമതി, പി കെ ബിജു,ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുള്‍വഹാബ്,  പി വി അന്‍വര്‍ എംഎല്‍എ, എന്‍സിപി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യു എന്നിവര്‍ സംസാരിച്ചു. ഇ ജയന്‍ സ്വാഗതവും കെ പി മനോജ് നന്ദിയും പറഞ്ഞു. എ വിജയരാഘവന്‍, പി പി വാസുദേവന്‍, എംഎല്‍എമാരായ സുരേഷ്കുറുപ്പ് എംഎല്‍എ, എം നൌഷാദ്, പ്രതിഭാഹരി, എം രാജഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.  
പാലാണിയില്‍ നടന്ന പറപ്പൂര്‍ പഞ്ചായത്ത് റാലിയില്‍ വി പി സഖറിയ അധ്യക്ഷനായി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍, എം ബി രാജേഷ് എംപി, എംഎല്‍എമാരായ എം സ്വരാജ്, പി ടി എ റഹീം, കെ ഡി പ്രസേനന്‍, ചിറ്റയം ഗോപകുമാര്‍, എ വിജയരാഘവന്‍, പി പി വാസുദേവന്‍, ടി കെ ഹംസ, ഇ എന്‍ മോഹന്‍ദാസ്, കെ എ ആന്‍സലന്‍, അഡ്വ. സമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംസാരിച്ചു. എം മുഹമ്മദ് സ്വാഗതം പറഞ്ഞു. പാലാണി, ഒതുക്കുങ്ങല്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീര്‍ സംസാരിച്ചു.