25 September Tuesday
പ്രളയദുരിതം

സഹായധനം കൈമാറിയത് 14,369 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
മലപ്പുറം
പ്രളയബാധിതർക്ക് അടിയന്തര സഹായമായി നൽകുന്ന 10,000 രൂപ ജില്ലയിൽ കൈപ്പറ്റിയത് 14,369 പേർ. രണ്ട് ദിവസം വെള്ളംകയറിയ വീടുകളിലുള്ളവർക്കാണിത്. ആകെ 37,734 പേർക്കാണ് നൽകാനുള്ളത്. ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളിൽ  കൈമാറും. 21,216 പേർക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റും നൽകി. അർഹരായ എല്ലാവർക്കും ആനുകൂല്യം നൽകുമെന്ന‌് മന്ത്രി  കെ ടി ജലീൽ പറഞ്ഞു. മുനിസിപ്പൽ ടൗൺ ഹാളിൽ ദുരിതാശ്വാസനിധി സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട‌് സംഘടനാ പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
വീട് നഷ്ടമായവർക്ക് നാലുലക്ഷംരൂപയും വീടും സ്ഥലവും ഇല്ലാതായവർക്ക‌് 10 ലക്ഷം രൂപയും നൽകും. വീട് നഷ്ടമായവർക്കുള്ള നാല് ലക്ഷത്തിൽ 95,100 രൂപ കേന്ദ്രസഹായവും 3,04,900 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്. വീടും സ്ഥലവും നഷ്ടമായവർക്കുള്ള പത്ത് ലക്ഷത്തിൽ നാല് ലക്ഷം കേന്ദ്ര സഹായവും ആറുലക്ഷം സംസ്ഥാന സഹായവുമാണ‌്. 
 വീട് നിർമാണത്തിന് സന്നദ്ധസംഘടനകളുടെ സഹായം ഉറപ്പാക്കും. എന്നാൽ  പ്രളയബാധിതർക്ക് മാത്രമാണ് തുക കൈമാറുക. 
മറ്റ് സംഘടനകളുടെ സഹായത്തോടെ കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കി വീട് നിർമാണം പൂർത്തിയാക്കാം. ജില്ലയിൽ നിലവിൽ 53 വില്ലേജുകളെയാണ‌് പ്രളയബാധിത പ്രദേശങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത‌്. 67 വില്ലേജ‌ുകളെകൂടി ഉൾപ്പെടുത്താൻ കലക്ടർ സംസ്ഥാന സർക്കാരിനോട‌് അഭ്യർഥിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  
യോഗത്തിൽ പി വി അബ്ദുൽ വഹാബ് എംപി, എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, പി ഉബൈദുള്ള, മഞ്ഞളാംകുഴി അലി, കെ എൻ എ ഖാദർ, ടി വി ഇബ്രാഹിം, എ പി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ, കലക്ടർ അമിത് മീണ, സിപിഐ എം ജില്ലാ സെക്രട്ടറി  ഇ എൻ മോഹൻദാസ്, രവി തേലത്ത്, കെഎംസിസി സൗദി പ്രതിനിധി കെ പി മുഹമ്മദ്കുട്ടി,   ഡെപ്യൂട്ടി കലക്ടർമാരായ ഡോ. ജെ ഒ അരുൺ, അബ്ദുൽ റഷീദ്  എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top