17 November Saturday

ഒലിച്ചുപോയത‌് വീടെന്ന സ്വപ‌്നം

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

മലവെള്ളപ്പാച്ചിലിൽ തെറിച്ചുപോയ ചെങ്കല്ലുകൾ പെറുക്കിക്കൊണ്ടുവരുന്ന വിനീത്

 
ഊർങ്ങാട്ടിരി
വീടെന്ന മോഹം വെറുതെയാകുമോയെന്ന ഭീതിയിലാണ് വിനീതും അമ്മ ശാരദയും. ഉരുൾപൊട്ടലിൽ  ഏഴുപേർ മരിച്ച വെറ്റിലപ്പാറയിൽ ഈ പാവങ്ങൾക്ക‌് ആശങ്കയേറെ. വീടുപണിയാനുള്ള ചെങ്കല്ലും എം സാൻഡുമെല്ലാം ഒലിച്ചുപോയി.  സർക്കാരിന്റെ ലൈഫ‌് പദ്ധതിയിൽ ജീവിതം കെട്ടിപ്പൊക്കാനുള്ള ശ്രമത്തിന‌് ഉരുൾപൊട്ടൽ വലിയ ക്ഷതമുണ്ടാക്കി. 
 വീട് പണിയാൻ 1500 ചെങ്കല്ലിറക്കിയിരുന്നു വിനീത്. ഉരുൾപൊട്ടൽ കഴിഞ്ഞപ്പോൾ പാതിപോലും ബാക്കിയില്ല. മരവും പാറകളും  ചേർന്നുള്ള മഴയുടെ ഇരമ്പിപ്പാച്ചിലിൽ കല്ലുകൾ കുറേ പൊട്ടി. അതിലുമധികം ഒലിച്ചുപോയി. കൂലിക്ക‌് ആളെനിർത്തി കല്ലുകൾ പെറുക്കിക്കൂട്ടുകയാണിപ്പോൾ. കൊടുമ്പുഴ കോളനിയിൽ വീടുവയ്ക്കാൻ ഊർങ്ങാട്ടിരി പഞ്ചായത്ത് എല്ലാ സഹായവും അനുവദിച്ചതാണ്. ലൈഫ് പദ്ധതിയിൽ 5.70 ലക്ഷം രൂപയും പാസായി. തറകെട്ടി ബെൽറ്റിട്ടിരുന്നു. കല്ലും മണലുമിറക്കി വേഗത്തിൽ വീടുയർത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ആർത്തലച്ചുവന്ന പേമാരിയും ഉരുൾപൊട്ടലും എല്ലാം തകിടംമറിച്ചു. മഞ്ചേരി മെഡി. കോളേജിൽ ട്രൈബൽ പ്രൊമോട്ടറായി കരാറടിസ്ഥാനത്തിൽ ജോലിയുള്ള വിനീത് ജോലിക്ക് പോകാതെ കല്ലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. അമ്മ ശാരദയും ഭാര്യ ബനിതയും രണ്ട് കുഞ്ഞുമക്കളുമടക്കം താമസിക്കുന്ന വീട് വിള്ളൽവീണ് ചോർന്ന് വീഴാറായ അവസ്ഥയിലാണ് ‘ലൈഫ്’ തുണയായത്. 
കൊടുമ്പുഴ കോളനിയിൽ 30 വീടാണുള്ളത്. ഉരുൾപൊട്ടലുണ്ടായതോടെ കോളനിവാസികളെല്ലാം കുറേ ദിവസം വെറ്റിലപ്പാറ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പേമാരിക്കറുതിയായപ്പോഴാണ‌് മടങ്ങിയത‌്. തുലാവർഷത്തിനുമുമ്പ‌് പുതിയ വീട‌് പൂർത്തിയാക്കണമെന്ന വിനീതിന്റെ ആഗ്രഹമാണ‌് അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിൽ തകർന്നത‌്.
പ്രധാന വാർത്തകൾ
Top