16 November Friday

ഉരുൾപൊട്ടിയത‌് 80 തവണ

ടി വി സുരേഷ‌്Updated: Friday Sep 7, 2018

ഓടക്കയം പൂളക്കത്തോട് പാലത്തിന് സമീപം ഉരുൾപൊട്ടിയ സ്ഥലം ഫോട്ടോ ‐കെ ഷെമീർ

 
ഊർങ്ങാട്ടിരി
കാലവർഷത്തിൽ ജില്ലയിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ വിവിധയിടങ്ങളിലായി ഉരുൾപൊട്ടലുണ്ടായത‌് 80 തവണ. 
എരുമമുണ്ട ചെട്ടിയാംപാറയിലും ഊർങ്ങാട്ടിരി ഓടക്കയം നെല്ലിയായി കോളനിയിലുമാണ് വലിയ ദുരന്തമുണ്ടായത്.  ഓടക്കയം ഉൾപ്പെടെ പലയിടങ്ങളിലും വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. നെടുങ്കയം, കരുളായി, എടവണ്ണ എന്നിവിടങ്ങളിലും നിലമ്പൂരിലെ ഉൾവനത്തിലും ഉരുൾപൊട്ടി. ഊർങ്ങാട്ടിരിയിൽ ഓടക്കയം, നെല്ലിയായി, ആലാപ്പാറ, കുരൂരി, കൊടുമ്പുഴ, വെണ്ടേക്കുംപൊയിൽ, ഈന്തുമ്പാലി, മാങ്കുളം, കൊടുമ്പുഴ, ചാമപ്പാറ, പൂളക്കത്തോട്, അലാപ്പാറ, ചൈരേങ്ങാട്  കോളനികളിലും ചെക്കുന്ന് മലയിലെ ചാത്തല്ലൂർ ഉൾപ്പെടെ വെറ്റിലപ്പാറ വില്ലേജിൽമാത്രം 30 ഇടങ്ങളിലും ഉരുൾപൊട്ടലുണ്ടായതായതാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. 22 ഡിഗ്രിക്കുമുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലായതിനാൽ മലയോര മേഖലകളിൽ ഉരുൾപൊട്ടലുണ്ടാവാൻ സാധ്യത കൂടുതലാണ്. 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം. ഇടതടവില്ലാതെ മഴ പെയ്യുന്നതോടെ സംഭരണശേഷിയേക്കാൾ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവുകൂടുന്നതിനനുസരിച്ച് മണ്ണിനടിയിൽ മർദംകൂടുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്ക് ശക്തിയിൽ കുതിച്ചൊഴുകുന്നതിനൊപ്പം മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്ഥലങ്ങളും നശിക്കും.  ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കരുതൽ നടപടി സ്വീകരിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top