15 November Thursday

നെഞ്ചിലിപ്പോഴും ഭയത്തിന്റെ മലവെള്ളപ്പാച്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ഉരുൾപൊട്ടലിൽ അടിത്തറ തകർന്ന വീടിന് സമീപം സത്യൻ

 
ഊർങ്ങാട്ടിരി
മലയും മരങ്ങളും പൊട്ടിയൊലിച്ച് ഒഴുകിവന്നതിന്റെ നടുക്കത്തിലാണ്  സത്യനും ഭാര്യ ഉഷയും. ‘‘ശക്തമായ മഴയായതിനാൽ രാത്രി ഉറങ്ങിയില്ല. പുലർച്ചെ വലിയശബ്ദം കേട്ടതേ ഓർമയുള്ളൂ. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുംമുമ്പേ വീടിന്റെ അടുക്കളഭാഗം കാണാതായി‘‘ ﹣ ഓടക്കയം പുളക്കാംതോട് പാലത്തിനരികിൽ താമസിക്കുന്ന സത്യന്റെ വാക്കുകളിൽ ഭയം വിട്ടുമാറിയിട്ടില്ല. മലവെള്ളപ്പാച്ചിലിൽനിന്ന് കഷ്ടിച്ചാണ് സത്യനും അമ്മയും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് കരകവിഞ്ഞൊഴുകിയ ആനക്കയം തോട്ടിൻക്കരക്കരികിലായിരുന്നു ഇവരുടെ താമസം. 
പുലർച്ചെ നാലിനാണ‌് ആദ്യം ഉരുൾപൊട്ടിയത്. അഞ്ചരയോടെ വിവിധയിടങ്ങളിലും. വൻമരങ്ങളും മലയും വെള്ളത്തോടൊപ്പം കുത്തിയൊലിച്ചുവരികയായിരുന്നു. ഭയപ്പാടിലായ സത്യനും കുടുംബവും സമീപത്തെ റോഡിലേക്ക് ഓടി. ഗതിമാറിയെത്തിയ വെള്ളപ്പാച്ചിലിൽ വീടിന്റെ തറക്കല്ലുകൾ ഒലിച്ചുപോയി. വീടിന് മുകളിലൂടെ ഒഴുകിയെത്തിയ പടുകൂറ്റൻമരത്തോടൊപ്പം അടുക്കളഭാഗം ഒഴുകിപ്പോകുന്നത് കണ്ടുനിൽക്കാനെ സത്യന് കഴിഞ്ഞുള്ളു. വീട്ടിലെ വിലപിടിപ്പുള്ള സാധനസമഗ്രികളെല്ലാം നശിച്ചു. വീടിനകമാകെ ഒരാൾപ്പൊക്കത്തിൽ ചെളിയാണിപ്പോൾ. പിൻഭാഗത്ത‌് അടിത്തറയടക്കം തകർന്നു. 
പതിനെട്ടുവർഷംമുമ്പാണ് സത്യൻ ഓടക്കയത്ത് താമസമാക്കിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സത്യനും തൊഴിലുറപ്പ് തൊഴിലാളിയായ ഉഷയും ഏറെനാളത്തെ അധ്വാനംകൊണ്ട് സ്വരൂപിച്ചതും വായ്പയെടുത്തുമാണ് വീട‌് പണിതത‌്. തൊഴുത്തിലുണ്ടായിരുന്ന 13 ആടുകളെ രക്ഷിക്കാനായതിൽ ഇവർക്ക‌് ആശ്വാസം. ഉരുൾപൊട്ടലിനെ തുടർന്ന് സമീപത്തെ വീട്ടിലാണ് ഇത്രയുംദിവസം താമസിച്ചത്. വെള്ളിയാഴ്ചമുതൽ  മാറിത്താമസിക്കണമെന്ന് വീട്ടുടമ പറഞ്ഞതോടെ എങ്ങോട്ട് പോകണമെന്ന് അറിയാത്ത സ്ഥിതിയിലായി ഈ കുടുംബം. തകർന്ന വീടിന്റെ ഒരുഭാഗം ശരിയാക്കി അന്തിയുറങ്ങാനിടമൊരുക്കാനാണ‌് ശ്രമം. സമീപത്തെ വീടുകളിൽ താമസിക്കുന്ന അക്കരപറമ്പൻ മുനീറും വലിയപീടിയേക്കൽ ദേവസ്യയും ഉൾപ്പെടെയുള്ളവരും സത്യന്റെ വീട് ശുചീകരിക്കാനുള്ള പ്രയത‌്നത്തിലാണ്. ഓണവിപണി ലക്ഷ്യമിട്ട് ദേവസ്യ ഒരുക്കിയ വാഴക്കുലകളും പച്ചക്കറികളുമെല്ലാം ഒലിച്ചുപോയി. ഉണ്യാൽതൊടി ആലിക്കുട്ടിയുടെയും സലീമിന്റെയും കിണറുകളും പമ്പുസെറ്റും മലവെള്ളപ്പാച്ചിലിൽ തകർന്നു. തോട്ടിന് ഇരുകരയിലുമായി താമസിക്കുന്ന മാത്യു, സൂസി, കക്കാട്ടിൽ ലൈജു, ചെറിയാൻ വീട്ടിൽ ഹരി, കക്കാട് സാബു, കോയിക്കൽ വർഗീസ്, കള്ളിക്കാട്ടിൽ ഷാജി, ജോസ് എന്നിവരുടെ വീടുകൾ ഭാഗികമായി നശിച്ചു. റബർ, തെങ്ങ്, കമുക് ഉൾപ്പെടെ ഏക്കർകണക്കിന് വിളകളും ഒഴുകിപ്പോയി. 
  ഓടക്കയം ക്ഷേത്രത്തിനടുത്തെ പണിയകോളനിയിലും ഉരുൾപൊട്ടൽ നാശംവിതച്ചു. 13 പേരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. മൂന്ന് വീടുകൾ വാസയോഗ്യമല്ലാതായി. തകർന്ന പൂളക്കാംതോട് പാലവും റോഡും പുനഃസ്ഥാപിക്കാനായില്ല. ഒഴുകിയെത്തിയ ഭീമൻകല്ലുകൾ നീക്കിയെങ്കിലും റോഡ് ഗതാഗതയോഗ്യമല്ല. ഉരുൾപൊട്ടൽ സാധ്യതയുള്ള ഈ മേഖലയിൽ റോഡരികിലേക്ക് നീക്കിവച്ച ഭീമൻകല്ലുകൾ അപകടഭീഷണിയാണ‌്. ഉരുൾപൊട്ടലുണ്ടായതിന്റെ തുടർന്നുള്ള ദിവസങ്ങളിൽ എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികളും ജില്ലാ ഭരണാധികാരികളും സ്ഥലം സന്ദർശിച്ചിരുന്നു.
പ്രധാന വാർത്തകൾ
Top