20 November Tuesday
കടല്‍ക്ഷോഭം

അഴിമുഖത്തടിഞ്ഞ ബോട്ടുകൾ നീക്കംചെയ്യാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
മലപ്പുറം 
കടൽക്ഷോഭത്തെ തുടർന്ന‌് പൊന്നാനി അഴിമുഖത്തടിഞ്ഞ ബോട്ടുകൾ നീക്കംചെയ്യാൻ നടപടിയായി. ടെൻഡർ നടപടി അവസാനഘട്ടത്തിലാണെന്നും ഈ മാസംതന്നെ പ്രവൃത്തി ആരംഭിക്കാനാകുമെന്നും ഹാർബർ എൻജിനിയറിങ്‌ വകുപ്പ് അധികൃതർ അറിയിച്ചു. ട്രോളിങ് നിരോധന കാലയളവിനുശേഷം ജില്ലയിലെ മത്സ്യബന്ധന, വിപണന മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി എഡിഎം വി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന  ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 
അഴിമുഖത്ത് അടിഞ്ഞുകിടക്കുന്ന മണൽ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടുന്നതിനായി നടപടി വേണമെന്ന‌് പ്രതിനിധികൾ ആവശ്യപ്പെട്ടു. കടൽ രക്ഷാ ദൗത്യങ്ങൾക്കായുള്ള വാടക ബോട്ടിനു പകരമായി ആധുനിക സൗകര്യങ്ങളോടെയുള്ള ബോട്ടും അനുബന്ധ സൗകര്യങ്ങളും ഫിഷറീസ് സ്റ്റേഷനോട് ചേർന്ന‌് വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പുറത്തൂരിൽ ഫിഷിങ‌് ഹാർബർ യാഥാർഥ്യമാക്കാനായി 5.3 കോടിയുടെ പദ്ധതി നിർദേശം സർക്കാരിലേക്ക‌് അയച്ചിട്ടുണ്ടെന്ന‌് ഹാർബർ എൻജിനിയറിങ‌് വകുപ്പ് അറിയിച്ചു.  
ഇതിനുപുറമെ, മറൈൻ ആംബുലൻസ് സൗകര്യം ജില്ലയിൽ ഉടനെ ലഭ്യമായി തുടങ്ങും. ചെറുമീൻ മത്സ്യബന്ധനം, കരയോട് ചേർന്നുള്ള ട്രോളിങ‌്, ജീവൻ രക്ഷാ ഉപകരണങ്ങൾ ധരിക്കാതെയുള്ള മത്സ്യ ബന്ധനം, കളർ കോഡിങ‌്, നമ്പറിടൽ തുടങ്ങിയ കാര്യങ്ങളിൽ നിയമനടപടി  കർശനമാക്കും. മത്സ്യത്തിലെ മായം കണ്ടെത്തുതിനുള്ള പരിശോധന ശക്തമാക്കും. 
ഇൻഷുറൻസ്, ക്ഷേമനിധി ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി നടപടിക്രമങ്ങൾ പാലിക്കണമെന്ന‌് ഫിഷറീസ് വകുപ്പ് അഭ്യർഥിച്ചു.
കടൽ ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്നും എഡിഎം നിർദേശിച്ചു.
പ്രധാന വാർത്തകൾ
Top