24 September Monday
പ്രതിഷേധം

ആദിവാസി കുടുംബങ്ങൾ ഐടിഡിപി ഓഫീസ് പൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
നിലമ്പൂർ 
കരാർ ഒപ്പിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും വീട് നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധിച്ച് ആദിവാസി കുടുംബങ്ങൾ നിലമ്പൂർ ഐടിഡിപി ഓഫീസ് പൂട്ടി ഓഫീസറെ ഉപരോധിച്ചു. ചാലിയാർ വെറ്റിലക്കൊല്ലി പണിയ ആദിവാസി കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണമാണ് രണ്ട് വർഷമായിട്ടും മുടങ്ങിക്കിടക്കുന്നത്. 2015﹣16 സാമ്പത്തിക വർഷത്തിലാണ് കോളനിയിലെ 25 കുടുംബങ്ങൾക്ക് വീട‌് അനുവദിച്ചത്. പാലക്കയം കോളനിക്ക് സമീപം വനഭൂമിയിൽ കണ്ടെത്തിയ എട്ട് ഹെക്ടറിൽ ഉൾപ്പെടുന്ന രണ്ട് ഏക്കർ സ്ഥലത്താണ് കോളനി വീടുകൾ സ്ഥാപിക്കാൻ അനുമതിയായത്. സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപയാണ് വീട് ഒന്നിന് അനുവദിച്ചത്. സർക്കാർ ഏജൻസിയായ നിർമിതിക്കാണ് നിർമാണ ചുമതല. അഡീഷനൽ ട്രൈബൽ സർപ്ലാ​ന്റ് പദ്ധതിയിലാണ് വീട് നിർമാണം ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വീടുകളുടെ നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. വെറ്റിലക്കൊലി കോളനിയിലെ തകർന്ന് വീഴാറായ കൂരകളിലാണ് കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നത്. 
വീടുകളുടെ നിർമാണ ചുമതല നിർമിതിയിൽനിന്നും മാറ്റണമെന്ന ആവശ‍്യവുമായാണ് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുടുംബങ്ങൾ തിങ്കളാഴ്ച പകൽ പന്ത്രണ്ടിന‌് ഐടിഡിപി ഓഫീസിലെത്തിയത്. ഓഫീസിനുമുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയശേഷം വാതിൽ അടച്ചുപൂട്ടുകയായിരുന്നു.
നിർമിതിയിൽനിന്നും പ്രവൃത്തി മാറ്റുന്നതിനുള്ള ആവശ‍്യം കലക്ടറെ രേഖാമൂലം അറിയിക്കാമെന്ന് ഐടിഡിപി ഓഫീസർ ടി ശ്രീകുമാരൻ ഉറപ്പ് നൽകി. പൊലീസിന്റെ സാന്നിധ‍്യത്തിലായിരുന്നു ചർച്ച. തുടർന്ന‌് രണ്ടരയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.  സമരത്തിന് ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി സുബ്രഹ്മണ‍്യൻ, വാർഡ് മെമ്പർ കൃഷ്ണൻകുട്ടി പാലക്കയം, ചന്ദ്രൻ ചോലാറ, കുമാർ ദാസ്, എസ്എം ബാബു എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top