16 November Friday
പുതിയ ബാച്ച‌ിനുള്ള രജിസ‌്ട്രേഷൻ ആഗസ‌്തിൽ തുടങ്ങും

പച്ചപിടിച്ച‌് സാക്ഷരതാ മിഷൻ 'പച്ചമലയാളം'

സ്വന്തം ലേഖകൻUpdated: Saturday Jul 7, 2018

 

 
മലപ്പുറം
മലയാളം അറിയാതെ വിഷമിക്കുന്ന ഇതരസംസ്ഥാനത്തൊഴിലാളികൾക്കും  വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സഹായമാകുകയാണ‌് സാക്ഷരതാ മിഷന്റെ 'പച്ചമലയാളം' കോഴ‌്സ‌്. മലയാളം സംസാരിക്കാനും എഴുതാനും പഠിപ്പിക്കുന്ന സാക്ഷരതാ മിഷന്റെ ഈ കോഴ്‌സിൽ പഠിതാക്കൾ വർധിക്കുന്നതായാണ‌് അനുഭവം.  മലയാളം പഠിക്കാത്തതിനാൽ സംസ്ഥാന സർക്കാർ സർവീസിൽ പ്രവേശിക്കാനാകാത്തവർക്കും ജോലിലഭിച്ചിട്ടും ശമ്പളം തടഞ്ഞവർക്കുമെല്ലാം ഈ കോഴ‌്സ‌് ആശ്വാസമാവുകയാണ‌്. 
 അഭ്യസ്തവിദ്യർക്കുപോലും  മലയാളം അന്യമാകുന്നത‌് മനസ്സിലാക്കിയാണ‌്  സാക്ഷരതാ മിഷൻ കോഴ‌്സ‌് ആരംഭിച്ചത‌്. മലയാളം പഠിക്കാൻ താൽപ്പര്യമുള്ള  ഏത് പ്രായത്തിലുള്ളവർക്കും വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കാതെ  കോഴ‌്സിൽ  ചേരാം. 2500 രൂപ ഫീസ‌് നിശ‌്ചയിച്ച സർട്ടിഫിക്കറ്റ‌് കോഴ‌്സ‌ിന‌് തുല്യതാ പഠിതാക്കളും  മറ്റും 2000 രൂപ നൽകിയാൽമതി.
പച്ചമലയാളം നാലുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സായാണ്  നടപ്പാക്കുന്നത്. മറ്റ് ഭാഷമാത്രം അറിയുന്നവർ, മാതൃഭാഷ ഭരണഭാഷയായതിനെ തുടർന്ന് ഓഫീസ് നിർവഹണത്തിൽ പ്രയാസം നേരിടുന്നവർ, ഭാഷാ ന്യൂനപക്ഷത്തിൽനിന്നുള്ളവർ  തുടങ്ങിയവർക്കെല്ലാം കോഴ‌്സ‌് പ്രയോജനപ്പെടുത്താം. അഞ്ച‌് പാഠ്യഭാഗങ്ങളിലൂടെയാണ‌് പഠന പ്രവർത്തനങ്ങൾ മുന്നേറുക. ആദ്യ ഭാഗത്തിൽ അക്ഷരം, പദം, വാക്യം എന്നിവയും രണ്ടാം ഭാഗത്തിൽ ഭാഷാ വ്യവഹാര രൂപങ്ങൾ, മൂന്നാം ഭാഗത്തിൽ സാഹിത്യ പരിചയം, നാലാം ഭാഗത്തിൽ സാംസ‌്കാരിക ചരിത്രത്തിലൂടെ, ഭാഗം അഞ്ചിൽ മലയാളം കംപ്യൂട്ടിങ്‌ എന്നിവയാണ‌് ഉൾപ്പെടുത്തിയിട്ടുള്ളത‌്. 
ഞായറാഴ‌്ചകളിൽ രാവിലെ പത്തുമുതൽ ഒന്നുവരെയാണ‌് ക്ലാസ‌്. 
നാലുമാസം ദൈർഘ്യമുള്ള ക്ലാസിൽ ചുരുങ്ങിയത‌് 45 മണിക്കൂർ ക്ലാസ‌് പഠിതാക്കൾക്ക‌് ലഭിക്കണം. മലയാള സാഹിത്യത്തിൽ വിദഗ‌്ധരായ ബിരുദാനന്തര ബിരുദധാരികൾമുതൽ വിരമിച്ച അധ്യാപകർവരെ  അധ്യാപകരായി പ്രവർത്തിക്കുന്നു. 
ജില്ലയിൽ കോട്ടക്കൽ രാജാസ‌് സ‌്കൂൾ കേന്ദ്രമാക്കി ആരംഭിച്ച കോഴ‌്സ‌്   നിലവിൽ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലാണ‌്.   ആദ്യ ബാച്ചിൽ 39 പഠിതാക്കളുണ്ട‌്. 
പരീക്ഷ 29ന‌് നടക്കും. പുതിയ ബാച്ച‌ിനുള്ള രജിസ‌്ട്രേഷൻ ആഗസ‌്തിൽ തുടങ്ങുമെന്ന‌് സാക്ഷരതാ മിഷൻ ജില്ലാ കോ‐ ഓര്‍ഡിനേറ്റർ സജി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top