19 November Monday

വിഷമീനുകൾ വിപണി കീഴടക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

ഷാജി തന്റെ കൃഷിയിടത്തിൽനിന്ന്‌ മീൻപിടിക്കുന്നു

 

നിലമ്പൂർ 
വിഷമീനുകൾ വിപണി കീഴടക്കുമ്പോൾ പിടിച്ച മീൻ പെടച്ചുതീരുംമുമ്പ് പൊരിച്ച് കൊടുക്കുമെന്നുകേട്ടാൽ ആരുമൊന്ന‌് ഓടിയെത്തും. വലപ്പുഴ സ്വദേശി ചെമ്മല ഷാജിയാണ‌് മത്സ്യകൃഷിയും വിനോദസഞ്ചാരവും സമന്വയിപ്പിച്ച‌് പുതുമാതൃകയാകുന്നത‌്. 
മൂന്നേക്കർ വിസ്തൃതിയുള്ള തടാകമാണ് മത്സ്യകൃഷിയിടം. നടുവിൽ ചങ്ങാടംപോലെ കെട്ടിയുണ്ടാക്കിയ തട്ട‌്. മറ്റൊരിടത്ത് കരയിൽനിന്ന് വെള്ളത്തിലേക്കുനീളുന്ന പാലം അവസാനിക്കുന്നത് തട്ടടിച്ചുണ്ടാക്കിയ ബോട്ട് ഹൗസിൽ. നാലുവശവും തുറന്ന കൂടാരം. അവിടെയിരുന്ന‌് ഭക്ഷണം കഴിക്കാം. 
മത്സ്യവിൽപ്പനക്കൊപ്പം ശുദ്ധമായ മീനിനെ പൊള്ളിച്ചെടുത്ത‌് സന്ദർശകർക്ക‌് ഭക്ഷണമായും നൽകുന്നു. ഉപ്പ ഹുസൈൻ പത്തുവർഷംമുമ്പ് മീൻ വളർത്തിയ അതേ കുളത്തിലാണ് ഷാജിയുടെയും മത്സ്യകൃഷി. ഉപ്പ മരിച്ചതോടെ ഗൾഫിൽനിന്നെത്തി ഏറ്റെടുക്കുകയായിരുന്നു. സർക്കാർ ഏജൻസികളുടെ സഹായവുമുണ്ട‌്. 20,000 മീൻകുഞ്ഞുങ്ങളെവരെ നിക്ഷേപിക്കും. കട്‌ല, രോഹു, ഗ്രാസ്‌കാർപ്പ്, മൃഗാല്‍, നട്ടർ, വാള, നൈൽ, തിലോപ്പിയ, നാടൻ മത്സ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയാണ് ഫാമിൽ ശാസ്ത്രീയമായി കൃഷിചെയ്യുന്നത്. കൊൽക്കത്തയിൽനിന്നാണ് ഇവയെ  ഇറക്കുമതിചെയ്യുന്നത്.  ഫിഷറീസ് വകുപ്പും മത്സ്യക്കുഞ്ഞുങ്ങളെ നൽകുന്നുണ്ട്. 
മലപ്പുറത്തുനിന്നും കണ്ണൂരിൽനിന്നും കാസർകോടുനിന്നുമൊക്കെ ഇവിടേക്ക് സന്ദർശകരെത്തുന്നു. മുന്നറിയിപ്പില്ലാതെ വരുന്നവർക്ക് മത്സ്യവിഭവങ്ങൾക്കൊപ്പം കപ്പയും ചപ്പാത്തിയും റൊട്ടിയുമാണ് നൽകുക. നേരത്തെ അറിയിച്ചുവന്നാൽ താറാവും മുയലുമൊക്കെ കറിവച്ച് ഊണ് നൽകും. കുളത്തിൽ ചാടാനും മീൻ പിടിക്കാനും ഭക്ഷണം വിളമ്പാനുമൊക്കെയായി പതിനഞ്ചുപേരെങ്കിലുമുണ്ടാകും ഷാജിക്കൊപ്പം. പ്രതിഫലം പ്രതീക്ഷിക്കാതെ വരുന്ന അവർക്ക് നൽകുന്നത് സ്വന്തം വീട്ടിലേതെന്നപോലുള്ള ഭക്ഷണവും സൗഹൃദവുംമാത്രം.
പ്രധാന വാർത്തകൾ
Top