12 December Wednesday

ലൈഫ‌് മിഷൻ: പെരിന്തൽമണ്ണയിൽ 400 കുടുംബങ്ങൾക്കായി ഭവന സമുച്ചയം

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

സൗദി എയർലൈൻസിന്റെ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ പറന്നുയരുന്നു

 

സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ
സംസ്ഥാന സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ മാതൃകാപദ്ധതി പെരിന്തൽമണ്ണയിൽ യാഥാർഥ്യമാകുന്നു. 
നഗരസഭയിലെ ഭൂമിയും - വീടുമില്ലാത്ത നിരാലംബരായ 400 പേർക്ക് ഭവന സമുച്ചയവും ജീവിത ഉപാധികളും ഒരുകുടക്കീഴിലൊരുക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നഗരസഭ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാനത്തിന്റെ മാതൃകാപദ്ധതിയായി അംഗീകരിച്ച‌് ലൈഫ്  മിഷനിൽനിന്ന‌് 20 കോടി രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലിം അറിയിച്ചു.
നഗരസഭയിലും ലൈഫ് മിഷനിലും അപേക്ഷ നൽകിയ വീടും  ഭൂമിയുമില്ലാത്ത 683 ഗുണഭോക്താക്കളിൽനിന്ന‌് മുൻഗണനാ മാനദണ്ഡപ്രകാരവും വിവിധ ക്ലേശ ഘടകങ്ങൾ പരിശോധിച്ചും പൂർണമായും അർഹരായ 400 പേരെ തെരഞ്ഞെടുത്താണ‌് ഫ‌്ളാറ്റ‌് നൽകുക. 
കഴിഞ്ഞ വർഷം നഗരസഭ എരവിമംഗലത്ത് ഒടിയൻചോലയിൽ 6.93 ഏക്കർ സ്ഥലം വിലയ‌്ക്കുവാങ്ങി. ഇവിടെ മൂന്നുനിലയിൽ  12 ഭവനങ്ങളടങ്ങുന്നതാണ് ഒരു ഫ്ലാറ്റ്. ഇത്തരത്തിൽ 34 ഫ്ലാറ്റുകളും അനുബന്ധ സൗകര്യങ്ങളായ റോഡ്, വെള്ളം, വൈദ്യുതി, പൊതു കൂടിച്ചേരൽ ഹാൾ, അങ്കണവാടി, തൊഴിൽ പരിശീലനകേന്ദ്രം, കൊമേഴ്ഷ്യൽ ഷോപ്പുകൾ എന്നിവയടങ്ങുന്നതാണ് ഭവന സമുച്ചയം. 60 കോടി രൂപയാണ് മൊത്ത ചെലവ്. ഇതിൽ ഭൂമി അനുബന്ധ സൗകര്യങ്ങൾ എന്നിവക്കായുള്ള 20 കോടി നഗരസഭയാണ് നൽകുക. 
ഭവന സമുച്ചയ നിർമാണത്തിനുള്ള 40 കോടി രൂപയിൽ 20 കോടി ലൈഫ് മിഷനും ആറുകോടി പിഎംഎവൈ വിഹിതവും, രണ്ടുകോടി തൊഴിലുറപ്പ് വിഹിതവുമായി 28 കോടി സർക്കാർ വിഹിതമായും ബാക്കി 12 കോടി രൂപ സംഭാവന സ്വീകരിച്ചുമാണ് നിർമാണം പൂർത്തീകരിക്കുക.
2019 ജനുവരി ഒന്നിന് നിർമാണംതുടങ്ങി നവംബർ മാസത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത‌്. രണ്ട് കിടപ്പുമുറി, ഒരു ഹാൾ, ഒരു ടോയ‌് ലറ്റ്, അടുക്കള, ബാൽക്കണി എന്നിവയടങ്ങുന്ന 599 സ്ക്വയർ ഫീറ്റാണ് ഒരു ഭവനത്തിന്റെ വിസ്തീർണം. 25 ലക്ഷം മാർക്കറ്റ് വിലയുള്ള ഫ്ലാറ്റാണ് ഗുണഭോക്താവിന് ലഭിക്കുന്നത്. ഫ്ലാറ്റ് യാഥാർഥ്യമാകുന്നതോടെ നഗരസഭയിൽ രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ പേർക്കും വീട‌് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top