12 December Wednesday

മത്സ്യകൃഷി പ്രളയമെടുത്തു, വലനിറയ്ക്കാൻ മോഹവുമായി വീണ്ടും...

പി എ സജീഷ‌്Updated: Thursday Dec 6, 2018
 
പൊന്നാനി 
പ്രളയം സംഹാരതാണ്ഡവമാടിയപ്പോൾ ഒലിച്ചുപോയത് മത്സ്യങ്ങൾമാത്രമല്ല ഇവരുടെ ജീവിതംകൂടിയാണ്. പെരുമ്പടപ്പ് എടമ്പാടം കോൾപടവിലെ 100 ഏക്കർ പാട്ടത്തിനെടുത്ത‌് മത്സ്യകൃഷിചെയ‌്ത‌ പെരുമ്പടപ്പ് സ്വദേശികളായ റഹീമും  സമീറും ആലി മുഹമ്മദും  റസാഖും ഹുസൈനുമാണ‌് കണ്ണീർപ്പുഴയിലായത‌്. മത്സ്യ കുഞ്ഞുങ്ങൾക്കും തീറ്റക്കുമായി  മൂന്ന് ലക്ഷംരൂപ ചെലവായി. നേഴ്സറികെട്ടാനും  വലകെട്ടാനുമായി ലക്ഷങ്ങൾ വേറെ. വൻ കടബാധ്യതയുടെ ഭീഷണിയിലാണിവർ. 
കഴിഞ്ഞ തവണ നൂണകടവിലെ 250 ഏക്കറിൽ നടത്തിയ മത്സ്യകൃഷി വിജയിച്ചതോടെയാണ് ഇൗ അഞ്ചുപേരും ഇത്തവണയും  കൃഷിയിലേക്കിറങ്ങിയത്. മുൻവർഷത്തെ സ്ഥലത്ത്  കൃഷിയിറക്കാനായിരുന്നു തീരുമാനമെങ്കിലും കൊയ‌്ത്ത‌് കഴിയാത്തതിനാൽ എടമ്പാടം കോൾപടവിലേക്ക് മാറ്റി. അതിനായി ഒരുലക്ഷം രൂപ പാടശേഖര സമിതിക്ക് നൽകി. ഫിഷറീസിൽനിന്ന് കിട്ടിയ കട‌് ല, രോഹു തുടങ്ങിയ ഒരുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ആദ്യം നിക്ഷേപിച്ചത്. എന്നാൽ തോട്ടിലൂടെ പുളിവെള്ളം കേറിയതിനെ തുടർന്ന് മുഴുവനും നശിച്ചു. 
കൃഷിയോടുള്ള ആവേശത്തിൽ ആത്മധൈര്യം വീണ്ടെടുത്ത് ഒന്നര ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി വീണ്ടും നിക്ഷേപിച്ചു. രണ്ടുലക്ഷം ഇതിനായി ചെലവാക്കി. വിജയം കൈവരിക്കുമെന്ന പ്രതീക്ഷയിൽ മുന്നോട്ടുപോയി. പാടത്ത് പുഞ്ചകൃഷി ആരംഭിക്കുന്നതിനുമുമ്പ് വിളവെടുക്കാനായിരുന്നു ഒരുക്കം. എന്നാൽ എല്ലാ സ്വപ്നങ്ങളെയും തകിടംമറിച്ച് ആഗസ‌്തിൽ പ്രളയമെത്തി. എല്ലാം പുഴ കവർന്നു.
ഇന്ന് പാടം പുഞ്ചകൃഷിക്കുള്ള തയ്യാറെടുപ്പിലാണ്. വെള്ളം പമ്പ് ചെയ്ത് ഞാറ് നടൽ തുടങ്ങി. മെയ് മാസത്തോടെ നെല്ല‌് കൊയ‌്തുകഴിഞ്ഞാൽ വീണ്ടും മത്സ്യകൃഷി നടത്താൻ ആഗ്രഹമുണ്ട് ഇവർക്ക്. 
എന്നാൽ പ്രകൃതിയുടെ ക്രൂരതകൾ വിലങ്ങുതടിയാകുമോ എന്ന ആശങ്കയുമുണ്ട്. കൈയിലുള്ളതെല്ലാം എടുത്തും വിറ്റും കിട്ടിയത് മുഴുവനും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയെങ്കിലും  സർക്കാർ തുണച്ചാൽ വീണ്ടും  കൃഷിയിറക്കി വല നിറയ്ക്കാമെന്ന മോഹത്തിലാണ‌് ഈ അഞ്ച് മത്സ്യകർഷകരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top