17 November Saturday

പ്രളയം: ആശ്വാസമായി കലിക്കറ്റ‌് സർവകലാശാല എൻഎസ‌്എസ‌് ഓപ്പൺ യൂണിറ്റ‌്

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

തേഞ്ഞിപ്പലം
ദുരിതബാധിതർക്ക‌് ആശ്വാസമായി  കലിക്കറ്റ‌് സർവകലാശാലയിലെ എൻഎസ‌്എസ‌് ഓപ്പൺ യൂണിറ്റ‌്. പ്രളയ ദിനത്തിൽ ആരംഭിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ‌്. 
അധ്യാപകരും ജീവനക്കാരും മാത്രം ഉൾക്കൊള്ളുന്നതാണ‌് ഓപ്പൺ യൂണിറ്റ‌്. കലിക്കറ്റ‌് സർവകലാശാല ക്യാമ്പസിലെ ഇ എം എസ‌് സെമിനാർ കോംപ്ലക‌്സിൽ ആരംഭിച്ച കലക്ഷൻ സെന്ററിൽ എത്തുന്ന വിഭവങ്ങളാണ‌് ദുരിതമേഖലയിൽ എത്തിക്കുന്നത‌്. 
പത്ത‌് ലക്ഷത്തിലധികം തുകയുടെ ഉൽപ്പന്നങ്ങൾ ഇതിനകം  നൽകിയതായി സർവകലാശാല ലൈഫ‌് സയൻസ‌് പഠന വിഭാഗം തലവനും പ്രോഗ്രാം ഓഫീസറുമായ ഡോ. ഇ ശ്രീകുമാറും സെക്രട്ടറി ബേബി ശബീലയും പറഞ്ഞു. 
വയനാട‌്‌‌, കോഴിക്കോട‌്,   മലപ്പുറം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉൽപ്പന്നങ്ങൾ എത്തിച്ചു. പുൽപ്പായ, കമ്പിളി, ചെരുപ്പ‌്, പുതപ്പ‌്, വിരികൾ, ബക്കറ്റ‌്, പ്ലേറ്റ‌്, മഗ‌് തുടങ്ങിയവയാണ‌് നൽകിയത‌്. ആദിവാസി മേഖലകളെ ലക്ഷ്യമാക്കിയായിരുന്നു പ്രവർത്തനം. 
ഇതിനു ശേഷം അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ തയ്യാറാക്കി വിതരണം ആരംഭിച്ചു.
അഞ്ച‌് കിലോ അരി, പഞ്ചസാര, സാമ്പാർപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ചായപ്പൊടി, ചെറുപയർ, മമ്പയർ തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു കിറ്റ‌്. ബുധനാഴ‌്ച ചാലക്കുടിയിലായിരുന്നു കിറ്റ‌് വിതരണം.
സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും നൽകിയ സാമ്പത്തിക സാഹയമായിരുന്നു പ്രവർത്തനങ്ങൾക്കുള്ള മുതൽക്കൂട്ട‌്. കൊൽക്കത്ത, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന‌ും സഹായം ലഭിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ബന്ധങ്ങൾ ഉപയോഗിച്ചായിരുന്നു ഇത‌്. 
കിറ്റുകളുൾപ്പെടെ ദുരിതബാധിതർക്ക‌് എത്തിക്കുന്നതിനായി സർവകലാശാല വാഹനങ്ങൾ വിട്ടുനൽകിയതും പ്രവർത്തനങ്ങൾക്ക‌് സഹായകമായി. സ്വരൂപിച്ചതെല്ലാം പ്രളയത്തിൽ നഷ്ടപ്പെട്ട ഒരു പെൺകുട്ടിക്ക‌് വിവാഹ ധനസഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് എൻഎസ‌്എസ‌് സ‌്റ്റേറ്റ‌് സെൽവഴി പണവും നൽകി.
വയനാട‌് ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിലേക്ക‌് സഹായം തുടരാനാണ‌് എൻഎസ‌്എസ‌് ഓപ്പൺ യൂണിറ്റിന്റെ തീരുമാനം. 
 പണം നൽകി സഹായിക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം ഓഫീസർ, എൻഎസ‌്എസ‌് ഓപ്പൺ യൂണിറ്റ‌്, അക്കൗണ്ട‌് നമ്പർ 37894787936, എസ‌്ബിഐ കലിക്കറ്റ‌് യൂണിവേഴ‌്സിറ്റി ബ്രാഞ്ച‌്, ഐഎഫ‌്എസ‌്സി കോഡ‌്: എസ‌്ബിഐഎൻ 0070200 എന്ന വിലാസത്തിൽ അയക്കണം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top