20 September Thursday
ന്യൂനപക്ഷ കമീഷൻ സിറ്റിങ്

അനസ‌്തേഷ്യ നൽകാതെ സ്റ്റെൻഡ‌് കയറ്റിയത‌് അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
 
മലപ്പുറം
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സതേടിയ യുവാവിന‌് വേദന സംഹാരിയോ അനസ‌്തേഷ്യയോ നൽകാതെ യൂറോളജിസ്റ്റ‌്  മൂത്രനാളിയിൽ സ്റ്റെൻഡ‌് കയറ്റിയെന്ന പരാതി വിദഗ്ധസംഘം അന്വേഷിക്കാൻ ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ ഉത്തരവായി. മൂത്രക്കല്ല‌് രോഗത്തിന‌് ചികിത്സതേടിയെത്തിയ മൂക്കുതല ചേലക്കടവ‌്  മാളിയേക്കൽ അബ്ദുൾ ലത്തീഫിന്റെ പരാതിയിലാണ‌് ഉത്തരവ‌്. 
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി,  ജനറൽ ഫിസിഷ്യൻ എന്നിവരടങ്ങുന്ന വിദഗ്ധസമിതി രൂപീകരിച്ച്  സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. പി കെ ഹനീഫ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി.  അബ്ദുൾ ലത്തീഫിന്റെ ചികിത്സയുടെ മുഴുവൻ രേഖകളും കമീഷന് നൽകണം.  
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോസർജന്റെ ചികിത്സാപ്പിഴവുമൂലം ഉമ്മയുടെ ആരോഗ്യനില വഷളായതായി കാണിച്ചുള്ള അഡ്വ. സലിം ചൂരപ്പിലാന്റെ പരാതിയും കമീഷൻ പരിഗണിച്ചു. 2017 നവംബർ 30നാണ് സലിമിന്റെ ഉമ്മ അഡ്വ. ആസ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. സർജറിക്കുശേഷം ആരോഗ്യസ്ഥിതി വഷളായതായാണ‌് പരാതി.  വിദഗ്ധസമിതി രൂപീകരിച്ച് വിശദമായ റിപ്പോർട്ട‌് നൽകാൻ കമീഷൻ കോഴിക്കോട് മെഡിക്കൽ കോളേജ‌് സൂപ്രണ്ടിന് ഉത്തരവ് നൽകി. 24 പരാതികളാണ് കമീഷൻ പരിഗണിച്ചത്. 10 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.  ഡിസംബർ 24നാണ്  മലപ്പുറം ജില്ലയിലെ അടുത്ത  സിറ്റിങ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top