24 September Monday

പ്രളയം: ഉപയോഗശൂന്യമായ അഞ്ചര ടൺ അരി നശിപ്പിച്ചു

സ്വന്തം ലേഖകൻUpdated: Thursday Sep 6, 2018
 
മലപ്പുറം
പ്രളയക്കെടുതിയിൽ സ‌്കൂളുകളിൽ വെള്ളംകയറിയതിനെ തുടർന്ന‌് ഉപയോഗശൂന്യമായ അഞ്ചര ടണ്ണോളം അരി ഭക്ഷ്യസുരക്ഷാവകുപ്പ‌് നശിപ്പിച്ചു. സ‌്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ച അരിയാണ‌് നശിപ്പിച്ചത‌്. പൊന്നാനി ഈശ്വരമംഗലം ന്യൂ യുപി സ‌്കൂളിൽ 50 കിലോയുടെ ഒരു ചാക്ക‌ും പൊന്നാനി ഗേൾസ‌് ഹയർ സെക്കൻഡറി സ‌്കൂളിൽ 50 കിലോയുടെ 18 ചാക്ക‌ും ബിഇഎം യുപി സ‌്കൂളിൽ 50 കിലോയുടെ 87 ചാക്ക‌ും അരി നശിപ്പിച്ചു.
പ്രളയാനന്തരം  പകർച്ചവ്യാധികൾ പടരാതിരിക്കാൻ സ‌്കൂളുകൾ, അങ്കണവാടികൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കാര്യക്ഷമമാക്കിയിരുന്നു. സ‌്കൂളുകളും അങ്കണവാടികളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെ ജില്ലയിൽ 37 സ്ഥാപനങ്ങളിലാണ‌് ഇതുവരെ പരിശോധന നടന്നത‌്. മഴവെള്ളംകയറി ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങൾ പൊതുവിപണിയിലേക്ക‌് എത്താതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന‌ുള്ള ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ‌ിത‌്.
എലിപ്പനി പടരാതിരിക്കാൻ കുടിവെള്ള പരിശോധനയും ഭക്ഷ്യസുരക്ഷാ വകുപ്പ‌് കർശനമാക്കിയിരുന്നു. പ്രളയത്തിനുശേഷം മിക്ക കുടിവെള്ള സ്രോതസ്സുകളും മലിനമായതിനെ തുടർന്ന‌് ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറിയ വെള്ളംമാത്രം നൽകാൻ നിർദേശം നൽകി. ടാങ്കറുകളിൽ ഹോട്ടലിലേക്ക‌് കൊണ്ടുവരുന്ന വെള്ളത്തിന്റെ സ്രോതസ്സുകള്‍ പലതും ഇപ്പോഴും മലിനമാണ‌്. 
ഈ സാഹചര്യത്തിൽ ഹോട്ടലുകളിൽ എത്തുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഉടമകളോട‌് നിർദേശിച്ചു. എലിപ്പനി മലിനജലത്തിലൂടെ പകരുന്നതിനാൽ അതീവ ജാഗ്രതയാണ‌് എടുത്തിട്ടുള്ളതെന്ന‌് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ കെ സുഗുണൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top