19 September Wednesday

അഴിയാക്കുരുക്കിൽ അങ്ങാടിപ്പുറം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018
പെരിന്തൽമണ്ണ
രൂക്ഷമായ വാഹനകുരുക്കിലകപ്പെട്ട‌് ക്ഷേത്രനഗരിയായ അങ്ങാടിപ്പുറം. റെയിൽ മേൽപാലത്തിലെ കുരുക്കുകാരണം രാപ്പകൽ ഭേദമില്ലാതെ പെരിന്തൽമണ്ണ ടൗൺവരെയും ഒരറ്റം ഓരാടംപാലംവരെയും വാഹനങ്ങളുടെ നീണ്ടനിരയാണ‌്. പെരുന്നാൾ‐ഓണം ആഘോഷങ്ങൾ അടുക്കുന്നതോടെ അഴിയാകുരുക്കായി മാറും.
അങ്ങാടിപ്പുറം ടൗണിൽ രൂപപ്പെട്ട കുഴികളും കുരുക്ക‌് വർധിപ്പിക്കുന്നു. തിരുമാന്ധാംകുന്ന‌് ക്ഷേത്രനടയിലും തളി ജങ‌്ഷനിലും വലിയ ഗർത്തങ്ങളാണ‌് രൂപപ്പെട്ടത‌്. ചെറുവാഹനങ്ങൾ റോഡിലെ കുഴിക്കരികിലെത്തുമ്പോൾ എതിർദിശയിലേക്ക‌് വെട്ടിക്കുമ്പോൾ ഗതാഗതകുരുക്കും ഒപ്പം അപകടങ്ങളും. ഇതേതുടർന്ന‌്  വാക്കേറ്റങ്ങളും പതിവാണ‌്. 
കുഴികളടക്കാൻ കഴിഞ്ഞദിവസം ക്വാറിവേസ‌്റ്റ‌് ഇട്ടിരുന്നെങ്കിലും ശക്തമായ മഴയിൽ ഒലിച്ചുപോയി. കുരുക്ക‌് വർധിച്ചതോടെ നിലവിലുണ്ടായിരുന്ന പൊലീസിനും ഹോംഗാർഡുകൾക്കും പുറമെ ട്രാഫിക്‌ യൂണിറ്റിലെ പൊലീസ‌് ഉദ്യോഗസ്ഥരെകൂടി അങ്ങാടിപ്പുറം ടൗണിൽ ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലംകാണുന്നില്ല. ഗതാഗതകുരുക്ക‌് ഒഴിവാക്കാൻ രാവിലെയും  വൈകിട്ടും ഓരാടംപാലത്തും ജൂബിലി ജങ‌്ഷനിലും വലിയ വാഹനങ്ങളും കണ്ടെയ‌്നറുകളും പൊലീസ‌് തടഞ്ഞിട്ടിരുന്നു. എന്നാൽ മറ്റ‌് സമയങ്ങളിൽ ഇത്തരം വാഹനങ്ങൾ കൂട്ടത്തോടെ  
മേൽപാലത്തിലേക്ക‌് വരുന്നത‌് വലിയ കുരുക്കാണുണ്ടാക്കുന്നത‌്. പകൽ രണ്ടിനും രാത്രി എട്ടിനുംശേഷം വലിയ വാഹനങ്ങൾ കൂട്ടത്തോടെ വരുന്നതിനാൽ ഗതാഗതതടസ്സം വലിയ പ്രയാസം സൃഷ‌്ടിക്കുന്നുണ്ട‌്. അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ടൗണുകളിലെ ഗതാഗതകുരുക്കിന‌് ശാശ്വത പരിഹാരമായാണ‌് ഓരാടംപാലം‐മാനത്തുമംഗലം ബൈപാസ‌് നിർമാണത്തിന‌് കഴിഞ്ഞ എൽഡിഎഫ‌് സർക്കാർ പദ്ധതി തയ്യാറാക്കിയത‌്. എന്നാൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ‌് അധികാരത്തിൽവന്നതോടെ യുഡിഎഫിന്റെ മങ്കട, പെരിന്തൽമണ്ണ എംഎൽഎമാരുടെ മുൻകൈയോടെ ഈ  പദ്ധതി അട്ടിമറിക്കുകയും വീതികുറഞ്ഞ റെയിൽ മേൽപാലം നിർമിക്കുകയുമാണുണ്ടായത‌്.
ദേശീയപാതയിലൂടെ നാല‌് വരിയായിവരുന്ന വാഹനങ്ങൾ പെട്ടെന്ന‌് രണ്ട‌് വരിയായി വീതികുറഞ്ഞ‌് മേൽപാലത്തിൽ കയറുന്നതും ഗതാഗതകുരുക്ക‌് അഴിയാകുരുക്കായി മാറ്റുകയാണ‌്. ഒാരാടംപാലം മാനത്തുമംഗലം ബൈപാസ‌് എത്രയുംവേഗം പണിയുകമാത്രമെ ഈ  വഴിയുള്ള ഗതാഗതകുരുക്കിന‌് ശാശ്വതപരിഹാരമാകൂ.
പ്രധാന വാർത്തകൾ
Top