18 November Sunday
അദാലത്ത‌്

ചുവപ്പുനാടയില്ല, പുതിയ രേഖകൾ നൽകിയത‌് 74 പേർക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
 
സ്വന്തം ലേഖകൻ
മലപ്പുറം 
പ്രളയദുരന്തത്തിൽ വീടുകളിൽ വെള്ളംകയറിയും മറ്റും രേഖകൾ നഷ‌്ടമായതിൽ ജില്ലയിൽ അദാലത്തിലൂടെ ഇതുവരെ പുതുതായി നൽകിയത‌് 74 രേഖകൾ. താലൂക്ക‌് അടിസ്ഥാനത്തിൽ അദാലത്ത‌് നടത്തിയാണ‌് നഷ്ടമായ രേഖകൾക്ക‌് പകരം പുതിയത‌് നൽകാനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നത‌്. റേഷൻ കാർഡ‌്, ആധാർ കാർഡ‌്, തെരഞ്ഞെടുപ്പ‌് തിരിച്ചറിയൽ കാർഡ‌് എന്നിവ പലയിടങ്ങളിലും അപേക്ഷ സ്വീകരിച്ച‌് മണിക്കൂറുകൾക്കുള്ളിൽ നൽകി. 
നഷ്ടമായ രേഖകൾക്ക‌് പകരം പുതിയത‌് ലഭിക്കാൻ ജില്ലയിൽ ഇതുവരെ 284 അപേക്ഷകളാണ‌് വിവിധ താലൂക്കുകളിലായി ലഭിച്ചത‌്. ഇതിൽ 74 അപേക്ഷകൾ അദാലത്തിലൂടെ പരിഹരിച്ച‌് അതത‌് ദിവസംതന്നെ പുതിയ രേഖകൾ നൽകി. നിലമ്പൂർ താലൂക്കിൽ തിരുവോണനാളിൽ നടത്തിയ അദാലത്തിൽ ലഭിച്ച 37 അപേക്ഷകർക്കും പുതിയ രേഖകൾ നൽകി. ഏഴ‌് റേഷൻ കാർഡ‌്, 15 വീതം തെരഞ്ഞെടുപ്പ‌് തിരിച്ചറിയൽ കാർഡ‌്, തൊഴിൽ കാർഡ‌് എന്നിവയാണ് നൽകിയത‌്. 
50ഓളം അപേക്ഷകൾ നിലമ്പൂരിൽ പുതുതായി ലഭിച്ചിട്ടുണ്ട‌്. 11ന‌് നടക്കുന്ന രണ്ടാംഘട്ട അദാലത്തിൽ കൂടുതൽ അപേക്ഷകർക്ക‌് രേഖകൾ നൽകാൻ കഴിയും. 
തിരൂരങ്ങാടിയിൽ 166 അപേക്ഷ അദാലത്തിൽ ലഭിച്ചതിൽ 20 തെരഞ്ഞെടുപ്പ‌് തിരിച്ചറിയൽ കാർഡിനും 12 ആധാർ കാർഡിനും പകരം പുതിയത‌് നൽകി. റേഷൻ കാർഡിന‌് അപേക്ഷിച്ച 32 പേർക്ക‌് 15നകം പുതിയത‌് ലഭ്യമാക്കാനുള്ള നടപടി സിവിൽ സപ്ലൈസ‌് വിഭാഗം തുടങ്ങി. പാസ‌്പോർട്ട‌്, എടിഎം കാർഡ‌്, ജനനസർട്ടിഫിക്കറ്റ‌്, മരണസർട്ടിഫിക്കറ്റ‌്, ആരോഗ്യ ഇൻഷുറൻസ‌് കാർഡ‌്, വാഹന രജ‌ിസ‌്ട്രേഷൻ കാർഡ‌്, സ‌്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവയാണ‌് അദാലത്തിൽ താലൂക്കിൽ ലഭിച്ച മറ്റ‌് അപേക്ഷകൾ. 
അഞ്ച‌് അപേക്ഷ ലഭിച്ചതിൽ പെരിന്തൽമണ്ണയിൽ മൂന്ന‌് കുടുംബങ്ങൾക്കുള്ള റേഷൻ കാർ‌ഡ‌് അദാലത്തിൽതന്നെ നൽകി. കൊണ്ടോട്ടിയിൽ 10 അപേക്ഷ ലഭിച്ചതിൽ ഒന്നുവീതം റേഷൻ കാർഡും ആധാരവും അദാലത്തിൽതന്നെ നൽകി. ഏറനാട്ടിൽ 16 അപേക്ഷകളാണ‌് ലഭിച്ചത‌്.
പ്രധാന വാർത്തകൾ
Top