14 November Wednesday

ലീഗിന്റെ വികസന വിരുദ്ധ സമീപനം: വളാഞ്ചേരി നഗരസഭാ ചെയർപേഴ‌്‌സൺ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
വളാഞ്ചേരി
മുസ്ലിംലീഗ് നേതൃത്വത്തിന്റേയും ലീഗ് കൗൺസിലർമാരുടെയും വികസന വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച‌് വളാഞ്ചേരി നഗരസഭാ ചെയർപേഴ‌്സൺ എം ഷാഹിന രാജിവച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത്  സമർപ്പിച്ചു. നഗരസഭയിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാങ്കേതികത്വം പറഞ്ഞ്  സ്റ്റാൻഡിങ് കമ്മിറ്റികൾ തടസ്സം നിൽക്കുന്നതിലും ഇവർക്ക് അനുകൂലമായി നിലപാടെടുത്ത മുനിസിപ്പൽ ലീഗ് നേതൃത്വത്തിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്ന് ഷാഹിന പറഞ്ഞു. മാസങ്ങളായി നഗരസഭാ ഭരണസമിതിയിൽ പ്രതിസന്ധി നിലനിന്നിരുന്നു. ചെയർപേഴ്സ ണെതിരെ ലീഗ് അംഗങ്ങൾതന്നെ നേതൃത്വത്തെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം 31ന് സ്ഥാനങ്ങൾ രാജിവയ്ക്കുന്നതായി മുനിസിപ്പൽ ലീഗ് നേതൃത്വത്തിന് ഷാഹിന കത്ത് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് രാജിക്കാര്യം അറിയിച്ചതായി ഷാഹിന പറഞ്ഞു. ഇപ്പോൾ രാജി വയ്ക്കേണ്ടതില്ലെന്ന് തങ്ങൾ നിർദേശിച്ചു. പിന്നീട് മുനിസിപ്പൽ ലീഗ് നേതൃത്വത്തോട് കാര്യം അന്വേഷിച്ചശേഷം രണ്ടു മണിക്കൂറിന് ശേഷം തങ്ങൾ രാജി വയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് രാജി. ഷാഹിന രാജി വച്ചതോടെ 28ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. വളാഞ്ചേരിയുടെ വികസന കാര്യത്തിൽ പാർടിയുടെ നിലപാടിൽ ലീഗ് അണികൾക്കിടയിൽ പ്രതിഷേധവും ഉയരുന്നുണ്ട്. അതേസമയം മുനിസിപ്പൽ ഭരണസമിതിയുടെ പരാജയമാണ് ചെയർപേഴ്സന്റെ രാജിക്ക് കാരണമായതെന്നും ഭരണസമിതി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ടി പി അബ്ദുൽ ഗഫൂർ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top