20 November Tuesday

തൃക്കലങ്ങോട് മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിയിലെ പൊട്ടിത്തെറി ജനറൽ സെക്രട്ടറിയും 200ഓളം പ്രവർത്തകരും പാർടി വിടുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 

മലപ്പുറം
തൃക്കലങ്ങോട് മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിക്കുള്ളിലെ പൊട്ടിത്തെറി കൂട്ട രാജിയിലേക്ക്. മണ്ഡലം ജനറൽ സെക്രട്ടറി സി പി ഉമ്മറിന്റെ നേതൃത്വത്തിൽ തൃക്കലങ്ങോട് പഞ്ചായത്ത് 13ാം വാർഡ് ചെറുകളത്തുനിന്ന് 200ഓളം പ്രവർത്തകർ പാർടി വിടുന്നു. പ്രഖ്യാപനം അടുത്ത ദിവസങ്ങളിലുണ്ടാകും. മണ്ഡലം കമ്മിറ്റിയിലെ നേതാക്കൾ തമ്മിലും  നേതാക്കളും പ്രവർത്തകരും തമ്മിലും പ്രശ്നങ്ങൾ കാലങ്ങളായി നീറിക്കൊണ്ടിരിക്കുകയാണ്. ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍മുതൽ സംസ്ഥാന നേതാക്കൾവരെ പ്രശ്നങ്ങളിൽ  നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും പരിഹരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറി സി പി ഉമ്മറിന്റെ നേതൃത്വത്തിൽ വലിയൊരു വിഭാ​ഗം പ്രവർത്തകർ കോൺ​ഗ്രസ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നാല് വർഷംമുമ്പാണ് കമ്മിറ്റിക്കുള്ളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവരാൻ തുടങ്ങിയത്. സഹകരണ ബാങ്ക് ബോർഡ്, കോൺ​ഗ്രസ് ഭരിക്കുന്ന വണ്ടൂർ ബ്ലോക്കിലെ നിർമാണ പ്രവർത്തികളിലെ കരാർ, ബില്ല് എന്നിവയിൽ പാർടിക്കുള്ളിലെ അസ്വാരസ്യങ്ങളായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകരും ചേരിതിരിഞ്ഞതോടെ പ്രശ്നങ്ങൾ രൂക്ഷമായി. മണ്ഡലത്തിൽ 40 വർഷത്തെ പ്രവർത്തനം അവസാനിപ്പിച്ചാണ് ജനറൽ സെക്രട്ടറി സി പി ഉമ്മർ പാർടി വിടാനൊരുങ്ങുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ  പാർടിക്കൊപ്പംനിന്ന തങ്ങൾക്ക് പല വിഷയങ്ങളിൽ പാർടിയിൽനിന്ന് ലഭിച്ച വ്യക്തതക്കുറവും ചിലർക്ക് മാത്രമായി പാർടി ചുരുങ്ങിയതുമാണ് കോൺ​ഗ്രസിൽനിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചതെന്നാണ് പുറത്തുവരാൻ തയ്യാറായ പ്രവർത്തർ പറയുന്നത്.
പ്രധാന വാർത്തകൾ
Top