18 November Sunday

പാര്‍ക്കുകള്‍ തകര്‍ന്നു; ടൂറിസത്തിന് 80 ലക്ഷം നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
സ്വന്തം ലേഖകൻ
മലപ്പുറം 
ജില്ലയെ ഉലച്ച പ്രളയക്കെടുതിയിൽ ടൂറിസം മേഖലക്കും കനത്ത നാശം. പാർക്കുകളിലെ വിനോദ സംവിധാനങ്ങളും ഉപകരണങ്ങളും തകർന്നു. റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായതും തിരിച്ചടിയായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള പാർക്കുകളിൽമാത്രം 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പൊന്നാനി, കൊണ്ടോട്ടി, അരീക്കോട്, എടവണ്ണ, മിനി പമ്പ, കരുവാരക്കുണ്ട്, കേരളാംകുണ്ട്, ചെട്ടിയാമ്പാറ, തേൻപാറ, കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം, കുറ്റിപ്പുറം നിളയോരം പാർക്ക്, തിരുന്നാവായ, പൊന്നാനി, ഐലക്കാട്, ആലാം ഐലന്റ്, ഒട്ടുമ്പ്രം, കാപ്പിൽ കാരാട്, നിലമ്പൂർ ടൗൺ, മഞ്ചേരി, മലപ്പുറം ടൗൺ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കമാണ് വിനോദ സഞ്ചാരത്തെ ബാധിച്ചത്.  
വണ്ടൂർ കരുവാരക്കുണ്ട് കേരളാംകുണ്ട് പാർക്കും കുറ്റിപ്പുറം നിള പാർക്കിലുമാണ് കൂടുതൽ നഷ്ടം. കേരളാംകുണ്ട് പാർക്ക് പ്രളയത്തിനുശേഷം തുറക്കാനായിട്ടില്ല. മണലിയാംകുണ്ടിലെ ഉരുൾപൊട്ടലാണ് കേരളാംകുണ്ട് പാർക്കിലെ നഷ്ടത്തിനിടയാക്കിയത്.  മലവെള്ളപ്പാച്ചിലിൽ പാർക്കിന്റെ പ്രധാന കവാടവും കെട്ടിടവും തകർന്നു. കൂറ്റൻ പാറകൾ പതിച്ച് ചുറ്റുവേലിയും പാർക്കിലേക്കുള്ള റോഡുകളും തരിപ്പണമായി. മണ്ണിടിച്ചിലിൽ വ്യൂ പോയിന്റും നശിച്ചു. കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജിലും മലവെള്ളപ്പാച്ചിൽ നാശമുണ്ടാക്കി. ഒലിപ്പുഴ ഗതിമാറി ഒഴുകിയതോടെ തൂക്കുപാലവും കുട്ടികളുടെ കളിക്കോപ്പുകളും നശിച്ചു. ബോട്ട് ഒലിച്ചുപോയി. ഇവിടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പാർക്കിന്റെ പ്രവർത്തനവും പുനരാരംഭിച്ചു. വണ്ടൂർ ടൗൺ സ്‌ക്വയർ പാർക്കിൽ കിണർ ഇടിഞ്ഞുതാഴ്ന്നു.   
ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതാണ് കുറ്റിപ്പുറം നിള പാർക്കിന് വിനയായത്. പാർക്കിലെ കളിക്കോപ്പുകൾ നശിച്ചു. പാർക്കിങ് ഏരിയ മണ്ണുമൂടിയ നിലയിലാണ്. കുറ്റിപ്പുറത്തെ മിനി പമ്പ ടൂറിസം സെന്ററിനുള്ളിൽ മണൽ നിറഞ്ഞു. സംരക്ഷണ ഭിത്തിക്കും ബലക്ഷയമുണ്ടായി. ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡും തകർന്നു. പ്രളയത്തിൽ മാലിന്യം അടിഞ്ഞുകൂടിയതാണ് ബീച്ചുകളിലെ പ്രതിസന്ധി. താനൂർ ഒട്ടുമ്പുറം ബീച്ചിലെയും കൂട്ടായി അഴിമുഖം ബീച്ചിലെയും പാർക്കുകളിൽ മാലിന്യം അടിഞ്ഞു. രക്ഷാ പ്രവർത്തനത്തിനും പാർക്കുകൾ നന്നാക്കാനും ജീവനക്കാർ സജീവമായി രംഗത്തുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
Top