20 April Friday

സ്വാഗതമോതി പെരിന്തല്‍മണ്ണ ഇന്ന് ചെങ്കൊടി ഉയരും

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

 

 
പെരിന്തല്‍മണ്ണ > കേരളത്തിന്റെ സാമൂഹ്യ നവോഥാനത്തിനും തൊഴിലാളി മുന്നേറ്റങ്ങള്‍ക്കും ആക്കംകൂട്ടിയ ഒട്ടേറെ ചരിത്ര സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയായ പെരിന്തല്‍മണ്ണ ചെമ്പട്ടണിഞ്ഞു. അധ്വാനിക്കുന്ന മനുഷ്യരുടെ ആശയും ആവേശവുമായ സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് വ്യഴാഴ്ച വൈകിട്ട് ചെങ്കൊടി ഉയരും. 
വിവിധ കേന്ദ്രങ്ങളില്‍നിന്ന് എത്തുന്ന പതാക-കൊടിമര-ദീപശിഖാ ജാഥകള്‍ പൊതുസമ്മേളന നഗരിയായ ഫിദല്‍ കാസ്ട്രോ നഗറില്‍ (പടിപ്പുര സ്റ്റേഡിയം) സംഗമിച്ചശേഷം സ്വാഗതസംഘം ചെയര്‍മാന്‍  വി ശശികുമാര്‍ പതാക ഉയര്‍ത്തും. അഞ്ച്, ആറ് ഏഴ് തീയതികളില്‍ ടൌണ്‍ഹാളിലെ ഇമ്പിച്ചിബാവ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാവിലെ  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. 
സമ്മേളന നഗരിയിലേക്കുള്ള പതാക കമ്യൂണിസ്റ്റ് പോരാളി ഇമ്പിച്ചിബാവയുടെ പൊന്നാനിയിലെ വീട്ടില്‍നിന്ന് കൊണ്ടുവരും. ജില്ലാ സെക്രട്ടറിയറ്റംഗം കൂട്ടായി ബഷീര്‍ നയിക്കുന്ന പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ ബുധനാഴ്ച വൈകിട്ട് ഉദ്ഘാടനംചെയ്തു. വ്യാഴാഴ്ച രാവിലെ പ്രയാണമാരംഭിക്കും.  രക്തസാക്ഷി കുഞ്ഞാലിയുടെ കാളികാവിലെ സ്മൃതികുടീരത്തില്‍നിന്നാണ് കൊടിമരം. ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൌക്കത്തിന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥ സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍ വ്യാഴാഴ്ച രാവിലെ പത്തിന് ഉദ്ഘാടനംചെയ്യും.
സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ ജന്മനാടായ ഏലംകുളത്തുനിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം സി ദിവാകരന്റെ നേതൃത്വത്തിലാണ് കൊണ്ടുവരുന്നത്. ഏലംകുളംമനയുടെ പരിസരത്ത്  വ്യാഴാഴ്ച പകല്‍ മൂന്നിന് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ ഏരിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 100 ഉപ ദീപശിഖകളും ഇതോടൊപ്പം ചേരും. പതാക-കൊടിമര-ദീപശിഖ ജാഥകള്‍ വ്യാഴാഴ്ച വൈകിട്ട് പെരിന്തല്‍മണ്ണ ജങ്ഷനില്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങും. കരിമരുന്ന് പ്രയോഗവുമുണ്ടാകും.  
16 ഏരിയകളില്‍നിന്നായി തെരഞ്ഞെടുത്ത 294 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പെടെ 328 പ്രതിനിധികള്‍ മൂന്നുദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. ഉദ്ഘാടനശേഷം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍  പങ്കെടുക്കും. ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച, മറുപടി എന്നിവ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. 
ഞായറാഴ്ച ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് വൈകിട്ട് 5000 ചുവപ്പ് വളന്റിയര്‍മാരുടെ മാര്‍ച്ചിന് പിന്നിലായി ഒരുലക്ഷംപേര്‍ അണിനിരക്കുന്ന ബഹുജനപ്രകടനം. തുടര്‍ന്ന് പടിപ്പുര സ്റ്റേഡിയത്തില്‍ ഫിദല്‍ കാസ്ട്രോ നഗറില്‍ നടക്കുന്ന ബഹുജനറാലിയും പൊതുസമ്മേളനവും കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. 
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അനുബന്ധ സെമിനാറുകളും കലാ സാംസ്കാരിക പരിപാടികളും പുരോഗമിക്കുകയാണ്. ബുധനാഴ്ച ഒ എന്‍ വി നഗറില്‍ (പടിപ്പുര സ്റ്റേഡിയം) സാഹിത്യ സെമിനാറും കവിസമ്മേളനവും നടന്നു. 'മാറുന്ന കേരളവും മലപ്പുറത്തിന്റെ മനസും' സെമിനാര്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പൊതുസമ്മേളന നഗരിയില്‍ എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യും. 
'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ ശനിയാഴ്ച പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും. 
പ്രധാന വാർത്തകൾ
Top