21 April Saturday

ഉദ്യോഗാര്‍ഥികള്‍ക്ക് തണലേകാന്‍ എംപ്ളോയബിലിറ്റി സെന്റര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

വെള്ളിയാഴ്ച മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും എംപ്ളോയബിലിറ്റി സെന്ററും

 മലപ്പുറം > എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന  എംപ്ളോയബിലിറ്റി സെന്റര്‍ ജില്ലയില്‍ വെള്ളിയാഴ്ചമുതല്‍ പ്രവര്‍ത്തനം തുടങ്ങും. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് നിലനിന്നിരുന്ന സ്ഥലത്ത് രണ്ട് നിലകളിലായി പുതുതായി നിര്‍മിച്ച കെട്ടിടത്തിലാണ് എംപ്ളായ്മെന്റ് എക്സ്ചേഞ്ചും എംപ്ളോയ്ബിലിറ്റി സെന്ററും പ്രവര്‍ത്തിക്കുക.  എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ചെയ്യുന്ന അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി അവരുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് എംപ്ളോയബിലിറ്റി സെന്ററിന്റെ ലക്ഷ്യം.  ഒപ്പം തൊഴില്‍ദാതാക്കളുമായി സഹകരിച്ചും സെന്ററുകള്‍ നേരിട്ടും തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് പരിശീലനം ലഭിച്ചവര്‍ക്ക് തൊഴിലും ലഭ്യമാക്കും.

സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍നയവുമായി ബന്ധപ്പെട്ട് അഡീഷണല്‍ സ്കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് എംപ്ളോയബിലിറ്റി സെന്ററുകള്‍ നിലവില്‍വന്നത്. കേരള അക്കാദമി ഫോര്‍ സ്കില്‍ഡ് സ്ഥാപനമാണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴില്‍നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നത്. സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ നിരവധിപേര്‍ ഉണ്ടെങ്കിലും സ്കില്‍ പരിശീലനത്തിന്റെ അഭാവമാണ് ജോലി ലഭിക്കുന്നതിന് തടസ്സമെന്ന തിരിച്ചറിവില്‍നിന്നാണ് എംപ്ളോയബിലിറ്റി സെന്ററുകള്‍ക്ക് തുടക്കമിടുന്നത്. സ്വകാര്യ മേഖലയിലുള്‍പെടെ തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളായും എംപ്ളോയബിലിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കും. 
എംപ്ളോയബിലിറ്റി സെന്ററിലെ ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളിലെ തൊഴില്‍ ദാതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് അവിടെ ഉണ്ടാകുന്ന ഒഴിവുകള്‍ എംപ്ളോയബിലിറ്റി സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും. സെന്ററില്‍ പേര് രജിസ്റ്റര്‍ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും സൈക്കോ മെട്രിക് അനാലിസിസും നടത്തി വിവിധ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദേശംചെയ്ത് തൊഴില്‍ നേടാന്‍ സഹായിക്കും. മാസംതോറും മിനി ജോബ് ഡ്രൈവും വര്‍ഷത്തിലൊരിക്കല്‍ മെഗാ ജോബ് ഫെസ്റ്റും സംഘടിപ്പിക്കും. 
നിലവില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ പിഎസ്സി ലിസ്റ്റ് നിലവിലില്ലാത്തപ്പോള്‍ ഉണ്ടാകുന്ന താല്‍ക്കാലിക ഒഴിവുകളും പിഎസ്സിയുടെ പരിധിയില്‍പെടാത്ത സ്ഥിരം, പാര്‍ട് ടൈം ഒഴിവുകളും മാത്രമാണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നികത്തുന്നത്. സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതോടെ മഹാഭൂരിപക്ഷം വരുന്ന സ്വകാര്യ തൊഴില്‍ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ എംപ്ളോയബിലിറ്റി സെന്ററുകള്‍ക്ക് കഴിയും.
ഉദ്യോഗാര്‍ഥികളില്‍നിന്ന് 250 രൂപയും തൊഴില്‍ദാതാക്കളില്‍നിന്ന് 1000 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസിനത്തില്‍ ഈടാക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോമൊബൈല്‍, ഇന്‍ഷുറന്‍സ്, സെയില്‍സ് മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങളുള്ളത്. തൊഴില്‍ദാതാക്കള്‍ക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള സൌകര്യവും എംപ്ളോയബിലിറ്റി സെന്ററുകളില്‍ ലഭ്യമാണ്. 
പ്രധാന വാർത്തകൾ
Top