24 April Tuesday
ലൈഫ് മിഷന്‍ പദ്ധതി

എല്ലാവര്‍ക്കും വീടൊരുക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

ഭവനസമുച്ചയ പദ്ധതിയുടെ മാതൃക

 പെരിന്തല്‍മണ്ണ > സംസ്ഥാനത്തിന് മാതൃകയായി പെരിന്തല്‍മണ്ണ നഗരസഭയുടെ ഭവനസമുച്ചയ പദ്ധതി. നഗരസഭയിലെ 512 ഭൂരഹിതരായ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കാന്‍ 70 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്നാണ് തുക അനുവദിച്ചത്.

നഗരസഭയുടെ സുസ്ഥിര വികസന പദ്ധതി സര്‍വെ നടത്തിയതില്‍ 600 പേരെയാണ് ഭൂരഹിത ഭവനരഹിതരായി കണ്ടെത്തിയത്.  ഇവരില്‍ 512 പേര്‍ മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി നഗരസഭ 512 പേരുടെ ഗുണഭോക്തൃലിസ്റ്റും തയാറാക്കി. ഇത്രയും പേര്‍ക്ക് വീട് നിര്‍മിക്കാന്‍ കഴിഞ്ഞ വാര്‍ഷിക പദ്ധതിയിലും നടപ്പുവാര്‍ഷിക പദ്ധതിയിലും തുക കണ്ടെത്തി. എരവിമംഗലത്തെ ഒടിയന്‍ ചോലയില്‍ ഇതിനായി ഏഴേക്കര്‍ സ്ഥലം വാങ്ങി. ഇത് ലൈഫ് മിഷന് സമര്‍പ്പിക്കുകയുംചെയ്തു. നഗരസഭയുടെ രജതജൂബിലി മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 512 പേരുടെ ഭവനസമുച്ചയം നിര്‍മിക്കാനും തീരുമാനിക്കുകയായിരുന്നു. നഗരസഭ നല്‍കിയ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ച് ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്നാണ്  70 കോടി അനുവദിച്ചത്.
സംസ്ഥാനത്ത് ലൈഫ് മിഷന്‍ അംഗീകാരം ലഭിക്കുന്ന ഏഴാമത്തെയും  ജില്ലയിലെ ആദ്യത്തെയും ഭവനസമുച്ചയമാണ് പെരിന്തല്‍മണ്ണയുടേത്.  താഴത്തെ നിലയോടൊപ്പം മുകളിലേക്ക് മൂന്ന് നിലകളിലായിട്ടാണ് നിര്‍മാണം. 550 സ്ക്വയര്‍ ഫീറ്റുള്ള 12 ഭവനങ്ങളടങ്ങിയതാണ് ഒരു യൂണിറ്റ്. ഇത്തരത്തിലുള്ള 43 യൂണിറ്റ് അടങ്ങുന്ന 26.376 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഫ്ളാറ്റ് സമുച്ചയമാണ് നിര്‍മിക്കുന്നത്. ഇത്രയും ഭവനങ്ങള്‍ക്കാവശ്യമായ പൊതുസംവിധാനങ്ങളും ഒരുക്കും. 12 ലക്ഷം രൂപയാണ് ഒരുഭവനത്തിനും വരുന്ന നിര്‍മാണ ചെലവ്. ഭൂമിയുടെയും അനുബന്ധ പൊതുസംവിധാനങ്ങളുടെയും ചെലവുകൂടി ചേര്‍ത്താല്‍ 15 ലക്ഷം രൂപയാവും ചെലവ്.
സഹകരണ സ്ഥാപനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിരേഖയുടെയും നിര്‍മാണത്തിന്റെയും ചുമതല. പദ്ധതിക്ക് ഇതിനകം ഭരണാനുമതിയും ലഭിച്ചു. സംസ്ഥാനത്തിനുതന്നെ മാതൃകയായ പദ്ധതിയാണ് നഗരസഭ ഈ പദ്ധതിയിലൂടെ കാഴ്ചവയ്ക്കുന്നത്. നഗരസഭയുടെ ഇ എം എസ് വിദ്യാഭ്യാസ കോംപ്ളക്സിനെ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികവിന്റെ വിദ്യാലയമാക്കാനുള്ള പ്രവര്‍ത്തനവും മുന്നേറുകയാണ്. 
സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളമിഷന് രൂപം നല്‍കുന്നതിനുമുമ്പുതന്നെ സമാന ലക്ഷ്യങ്ങളോടെ പെരിന്തല്‍മണ്ണ നഗരസഭ ജീവനം പദ്ധതിക്ക് രൂപംനല്‍കിയിരുന്നു. മാലിന്യശേഖരണ-സംസ്കരണ രംഗത്ത് മാതൃകാപരമായ പദ്ധതിയായാണ് ജീവനം പദ്ധതി നടപ്പാക്കിയത്.
ആധുനിക ക്രിമിറ്റോറിയം പൂര്‍ത്തീകരിച്ചു. 1296 പേര്‍ക്ക് സ്നേഹഭവനം, ടാക്സി സ്റ്റാന്‍ഡ് കം റിഫ്രഷിങ് സെന്റര്‍, ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റ്, ബസ് ടെര്‍മിനല്‍ കോംപ്ളക്സ്, സാന്ത്വന പുനരധിവാസകേന്ദ്രം, ലേഡീസ് ഹോസ്റ്റല്‍, നഗരസഭ ജനസൌഹൃദകേന്ദ്രം, വിനോദ പാര്‍ക്ക്, ആശുപത്രികളുടെ വികസനം, എരവിമംഗലം കലാഗ്രാമം, എസ്സി കോളനി വികസന പദ്ധതി, ആധുനിക അറവുശാല, മോഡേണ്‍ മാലിന്യ സംസ്കരണ പ്ളാന്റും പാര്‍ക്കും, ഷീസ്റ്റേ, ഇന്‍ഡോര്‍ സ്റ്റേഡിയം, ആധുനിക ടൌണ്‍ഹാള്‍, ആധുനിക വ്യവസായ സമുച്ചയം, വയോ സൌഹൃദകേന്ദ്രങ്ങളടക്കം 35 പദ്ധതികളാണ് രജതജൂബിലി വര്‍ഷത്തോടെ പൂര്‍ത്തീകരിക്കുന്നത്.
പ്രധാന വാർത്തകൾ
Top