19 April Thursday

കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

 തിരൂര്‍ > കോടതിയില്‍നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കോടതിയിലുണ്ടായിരുന്ന ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരനും വക്കീല്‍ ഗുമസ്തനും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. 

തിരൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ബുധനാഴ്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം. തിരൂരിലെ ആധാരമെഴുത്ത് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഷിഹാബ്, വക്കീല്‍ ഗുമസ്തനായ ചേന്നര സ്വദേശി ഗിരീഷ് ബാബു എന്നിവരുടെ സമയോചിത ഇടപെടലാണ് തുണയായത്. 
കോടതിമുറിയില്‍ ഇരുത്തി പൊലീസുകാരന്‍ പുറത്തിറങ്ങിയതിനിടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. ഇതുകണ്ട് ഷിഹാബും ഗിരീഷ് ബാബുവും പിന്നാലെയോടി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഷിഹാബ് പിടികൂടിയെങ്കിലും പ്രതി കുതറിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഗിരീഷ് ബാബുകൂടി എത്തിയതോടെയാണ് കീഴ്പ്പെടുത്താനായത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പ്രതിയെ കോടതിയില്‍ എത്തിച്ച് പൊലീസിന് കൈമാറി. ഈ സമയം കൂടെവന്ന പൊലീസുകാരന്‍ സംഭവിച്ചതെന്തെന്നറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു. മജിസ്ട്രേട്ട് അവധിയായതിനാല്‍ ബുധനാഴ്ച കോടതിയുണ്ടായിരുന്നില്ല. ഇതറിയാതെയായിരുന്നു പൊലീസുകാരന്‍  കോഴിക്കോട് ജില്ലാജയിലില്‍നിന്ന് റിമാന്‍ഡ് പുതുക്കാനായി കൊണ്ടുവന്നത്.
പ്രധാന വാർത്തകൾ
Top