23 July Monday
കിഫ്ബിയുടെ 400 കോടി

കുടിവെള്ള വിതരണരംഗത്ത് പുത്തനുണര്‍വ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
 
മഞ്ചേരി > ജില്ലയിലെ പഴകി ദ്രവിച്ച പൈപ്പുകളും പമ്പുകളും മുടങ്ങിക്കിടന്ന പദ്ധതികളും നവീകരണ പ്രവര്‍ത്തനങ്ങളുമായി വന്‍ കുതിപ്പിനൊരുങ്ങുകയാണ് ജല അതോറിറ്റി. 400 കോടിയുടെ കിഫ്ബി പദ്ധതി കുടിവെള്ള മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകും. ഇതിനുപുറമെ കോടികള്‍ ചെലവ് വരുന്ന വന്‍ പദ്ധതികളും സര്‍ക്കാര്‍ പരിഗണനയിലാണ്.  
പൊന്നാനി, താനൂര്‍ നഗരസഭകള്‍ക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. പൊന്നാനി നഗരസഭയും സമീപത്തെ ഒമ്പത് പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന പദ്ധതിക്ക് 74.4 കോടി രൂപയാണ് ചെലവിടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 
താനൂര്‍ നഗരസഭയിലെയും സമീപ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയ 100 കോടിയുടെ പദ്ധതി ഇതിനകം ആരംഭിച്ചു. 22.2 കോടിരൂപയാണ് തിരുവാലിയിലെ നിലവിലുള്ള പദ്ധതിയുടെ വിപുലീകരണത്തിന് അനുവദിച്ചത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 15 കോളനികള്‍ക്കും മലയോര ജനതക്കും ആശ്വാസമാകും. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ രാമനാട്ടുകരയില്‍ 26 കോടി രൂപയുടെ ബൃഹത്ത് പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിയില്‍ ജില്ലയുടെ അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ഉണര്‍വാകും. നാല് പദ്ധതികളുടെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. മാര്‍ച്ചിന് മുമ്പായി പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
90 കോടി രൂപ മുതല്‍മുടക്കി പെരിന്തല്‍മണ്ണ രാമന്‍കാടി പുതിയ പദ്ധതി തുടങ്ങും. എടവണ്ണ പദ്ധതിയുടെ വിപുലീകരണത്തിന് 40 കോടിയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു. വിതരണ ലൈനുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടുന്നതിനും പദ്ധതിയുണ്ട്. പഞ്ചായത്തിലെ ആദിവാസി കോളനികളിലും പദ്ധതിയുടെ ഗുണം ലഭിക്കും. എടയൂര്‍, ഇരുമ്പിളിയം, വളാഞ്ചേരി പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 75 കോടിയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു. സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ പദ്ധതികള്‍ ആരംഭിക്കാനാകും. 
നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിലെ ചെറുകിട, ഇടത്തരം കുടിവെള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധീകരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും ഇതിനകം ആരംഭിച്ചു. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 പഞ്ചായത്തുകളില്‍ ഇതിനകം ചെറുകിട കുടിവെള്ള വിതരണ പദ്ധതികളും ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ പുഴകളിലും തോടുകളിലും തടയണ നിര്‍മാണത്തിനും പദ്ധതിയുണ്ട്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലും മലയോര മേഖലകളിലെയും രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാകും. 
പ്രധാന വാർത്തകൾ
Top