19 September Wednesday
ജാഗ്രത വേണമെന്ന് ഡിഎംഒ

എലിപ്പനി: ഒറ്റമാസം 5 മരണം

സ്വന്തം ലേഖകന്‍Updated: Monday Sep 3, 2018
 
 
മലപ്പുറം
എലിപ്പനി വർധിച്ച സാഹചര്യത്തിൽ മലപ്പുറവും അതീവജാഗ്രതയിൽ. ശനിയാഴ്ച ഒരാൾകൂടി മരിച്ചതോടെ  ഒരു മാസത്തിനുള്ളിൽ ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. എരവിമംഗലം പട്ടാരിശേരിതൊടി പ്രമീളയാണ് കഴിഞ്ഞദിവസം മരിച്ചത്.  ജനുവരിമുതൽ ജില്ലയിൽ 84 പേർക്ക് എലിപ്പനി ബാധിച്ചതായാണ് കണക്ക്. ഇതിൽ ഏഴുപേർ മരിച്ചു.  ആഗസ്ത് മാസംമാത്രം ആകെ 54 പേർക്ക് രോഗംബാധിച്ചതായി സംശയിക്കുന്നു. ഇതിൽ 34 പേർക്ക് സ്ഥിരീകരിച്ചു. 
ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച ചമ്രവട്ടം സ്വദേശിനിക്കും എലിപ്പനിയാണെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന പറഞ്ഞു. 
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ എലിപ്പനി പടരാനുള്ള സാധ്യത കൂടുതലുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ജില്ലാ മെഡിക്കൽ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൈകാലുകളിൽ മുറിവുള്ളവർ ഒരു കാരണവശാലും മലിനജലവുമായി സമ്പർക്കത്തിലാകരുത്. പ്രളയബാധിത പ്രദേശങ്ങളിലുള്ള എല്ലാവരും പ്രതിരോധ ഗുളികകൾ കഴിക്കണം. പ്രതിരോധ ഗുളികകൾ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലഭിക്കും. പ്രളയബാധിത പ്രദേശങ്ങളിലെത്തുന്ന ഉദ്യോഗസ്ഥരും പ്രതിരോധ ഗുളികകൾ നിർബന്ധമായും കഴിച്ചിരിക്കണം. 
പനിബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളെ പ്രത്യേകം നിരീക്ഷിക്കാൻ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിക്കണം. പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം. ആഴ്ചയിൽ ഒരുതവണ എന്ന നിലയിലാണ് സൂപ്പർ ക്ലോറിനേഷൻ നടത്തേണ്ടത്. ആദ്യഘട്ടത്തിലെ ക്ലോറിനേഷന് ശേഷം സൂപ്പർ ക്ലോറിനേഷൻ നടത്താൻ പലരും വൈമുഖ്യം കാണിക്കുന്നത് ഒഴിവാക്കണം.
പ്രധാന വാർത്തകൾ
Top