24 September Monday

മത്സ്യ‐മാംസത്തിനും പച്ചക്കറിക്കും വില താഴോട്ട‌്

സ്വന്തംലേഖകൻUpdated: Monday Sep 3, 2018

 മലപ്പുറം

തക്കാളി കിലോ ഗ്രാമിന് പത്തു രൂപ, സവാളക്കാകട്ടെ 20 രൂപയും. നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികൾക്ക‌് റെക്കൊർഡ‌് വിലക്കുറവുണ്ടായിട്ടും വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവ‌്. പേമാരിയും തുടർന്നുണ്ടായ പ്രളയവും തകർത്തത‌് വീടുകളും കൃഷിയിടങ്ങളും മാത്രമല്ല, ജനങ്ങളുടെ വാങ്ങൽ ശേഷിയെ കൂടിയാണ‌്. 
അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങി ലളിതമായ ജീവിതം പിന്തുടരാനുള്ള തയ്യാറെടുപ്പിലാണ‌് ജനങ്ങളെന്ന‌് കച്ചവടക്കാർ പറഞ്ഞു. പ്രളയം മാത്രമല്ല, നോട്ടു നിരോധനവും ജിഎസ‌്ടിയും അടിക്കടിയുള്ള ചാചക വാതകത്തിന്റെയും ഇന്ധനങ്ങളുടെയും വിലക്കയറ്റവുമെല്ലാം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ‌്. 
സാധാരണ ആഗസ‌്ത‌്, സെപ‌്തംബർ മാസങ്ങളിൽ പച്ചക്കറികൾക്ക‌് വൻ വിലക്കയറ്റമാണ‌് അനുഭവപ്പെടാറുള്ളത‌്. എന്നാൽ കഴിഞ്ഞ സീസണിൽ അയൽ സംസ്ഥാനങ്ങളിൽ മതിയായ മഴ ലഭിച്ചതോടെ മിക്കയിടങ്ങളിലും ഒരേ സമയം വിളവെടുപ്പിന‌് പാകമായതോടെയാണ‌് തക്കാളി  വിലകുറഞ്ഞത‌്. തമിഴ‌്നാട്ടിലെ ഉദുമൽപേട്ട‌്, കർണാടകയിലെ ഗുണ്ടൽപ്പേട്ട‌്, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ‌് തക്കാളി കൂടുതലായും എത്തുന്നത‌്.  
സവാള  പൂണെയിൽനിന്നാണ‌് ഏറിയ പങ്കും എത്തുന്നത‌്. 160 രൂപ വരെ വിലയുണ്ടായിരുന്ന പച്ചമുളകിന്റെ ശനിയാഴ‌്ചത്തെ  വില 60 രൂപയായിരുന്നു. വെണ്ടക്ക ‐ 34, കാബേജ‌്‐20 രൂപക്കും വിൽപ്പന നടക്കുന്നുണ്ട‌്. എന്നാൽ പയർ വർഗങ്ങളുടെ വിലയിൽ കാര്യമായ വിലക്കുറവ‌് അനുഭവപ്പെട്ടിട്ടില്ല. പയറും ബീൻസുമെല്ലാം 60 രൂപക്കാണ‌് വിൽപ്പന .കച്ചവടം മുൻകാലങ്ങളിലേതിലും നേർപകുതി പോലുമില്ലാത്തതിനാൽ കാരറ്റ‌്, ബീറ്റ‌്റൂട്ട‌് പോലുള്ള പച്ചക്കറികളെല്ലാം ഉപയോഗ ശ്യൂന്യമാവുന്നതായാണ‌് കച്ചവടക്കാരുടെ പരാതി. 
 കപ്പ കൃഷി ചെയ്യുന്ന പ്രദേശങ്ങളെ പ്രളയം  ദിവസങ്ങളോളം വെള്ളത്തിനടിയിലാക്കി ലക്ഷണങ്ങളുടെ നഷ്ടമുണ്ടാക്കിയെങ്കിലും പ്രളയ ശേഷം കപ്പ വിലയിൽ വൻ കുതിപ്പാണ‌് അനുഭവപ്പെടുന്നത‌്. 
പ്രളയത്തിന‌് മുമ്പ‌് 20 രൂപക്ക‌് വിൽപ്പന നടത്തിയപ്പോൾ നിലവിലിത‌് 30 രൂപയിലെത്തി. വരും ദിവസങ്ങളിൽ കാര്യമായ വർധനവുണ്ടാകുമെങ്കിലും ഉപഭോഗത്തിനനുസരിച്ച‌് കപ്പ ലഭിക്കാനിടയില്ലെന്നാണ‌് വ്യാപാരികൾ നൽകുന്ന സൂചന. 
അതിരാവിലെ കൃഷിയിടങ്ങളിൽനിന്ന‌് പറിച്ചെടുക്കുന്ന കപ്പയാണ‌് ദിവസേന മാർക്കറ്റുകളിലെത്തിയിരുന്നത‌്. പ്രളയത്തിൽ ഭൂരിഭാഗം കൃഷിയും ബാക്കിയുള്ള ദിവസങ്ങൾക്കുള്ളിൽ തീരും. ശേഷം ഇതര സംസ്ഥാനങ്ങളിൽ നിന്ന‌് കപ്പ എത്തിയാൽ പോലും ഗുണമേന്മയിൽ ഉറപ്പുപറയാനാകില്ലെന്നതാണ‌് കച്ചവടക്കാരുടെ ആശങ്ക.  
മത്സ്യ‐ മാംസ വിപണിയിലും മാന്ദ്യം
ദിനംതോറും ക്രമാതീതമായി വില കുറച്ചിട്ടും മത്സ്യ‐ മാംസ വിൽപ്പന മേഖലയിലും വൻ മാന്ദ്യമാണ‌് അനുഭവപ്പെടുന്നത‌്. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തി‐ 80, അയല‐100, മാന്തൾ‐100, ചൂര‐ 100, ആവോലി‐240, കറ്റ‌്‌ല‐ 140, പൂമീൻ‐ 200 രൂപ എന്നിങ്ങനെയാണ‌് കോട്ടക്കൽ മാർക്കറ്റിലെ ശനിയാഴ‌്ചത്തെ വില നിലവാരം. സാധാരണ രീതിയിൽ ട്രോളിങ് കഴിഞ്ഞതോടെ മത്സ്യ ലഭ്യത വർധിച്ചിട്ടുണ്ട‌്. ഇതിനാനുപാതികമായി വിലയിലും കുറവുണ്ടാകുമെങ്കിലും വിൽപ്പനയിൽ ഇടിവുണ്ടാകുന്നത‌് ആദ്യമാണെന്നാണ‌് ഈ മേഖലയിലുള്ളവർ സൂചിപ്പിക്കുന്നത‌്. 
കോഴിയിറച്ചി വിൽപ്പനയിലാകട്ടെ വൻ കുറവ‌്   ദിവസവും അനുഭവപ്പെടുന്നതായി വ്യാപാരികൾ പറയുന്നു.  
കഴിഞ്ഞ ദിവസം കിലോഗ്രാമിന‌്  140 രൂപക്ക‌് വിൽപ്പന നടത്തിയപ്പോൾ ശനിയാഴ‌്ചയിത‌് 130 ആയി കുറച്ചു. പോത്തിറച്ചി വിൽപ്പനയിലാകട്ടെ പകുതിപോലും വിറ്റഴിക്കാനാകുന്നില്ല. നാലു പോത്തുകളെ ദിവസവും കശാപ്പു നടത്തിയവർ രണ്ടാക്കി ചുരുക്കി. ഇവയുടെ ആവശ്യക്കാരാകാട്ടെ ഹോട്ടൽ നടത്തിപ്പുകാരും. 
വീടുകളിലേക്ക‌്  പോത്തിറച്ചി വാങ്ങുന്നവരുടെ എണ്ണിത്തിൽ കാര്യമായ കുറവാണ‌് അനുഭവപ്പെടുന്നത‌്. പ്രളയവും തുടർന്നുണ്ടായ നിർമാണ മേഖലയിലെ സ‌്തംഭനവുമെല്ലാം പോത്തിറച്ചി കച്ചവടത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ‌്.  
പ്രതീക്ഷയില്ലാതെ 
പഴം വിപണി
വിലക്കുറവും ഗുണമേന്മയും ഒന്നിച്ചനുഭവപ്പെടുന്ന സീസണാണെങ്കിലും ആവശ്യക്കാർ എത്താത്തതിൽ പഴം വ്യാപരികളും നിരാശയിലാണ‌്. ആപ്പിൾ‐80 മുതൽ 120 വരെ, ഓറഞ്ച‌്‐ 80, മുന്തിരി‐ 80, ഉറുമാമ്പഴം‐ 80, പേരക്ക‐ 50, പൈനാപ്പിൾ‐ 40 എന്നിങ്ങനെയാണ‌് വിലനിലവാരം. ഹിമാചലിൽനിന്ന‌് ആപ്പിളും തമിഴ‌്നാട്ടിൽനിന്ന‌് മുന്തിരിയും പേരക്കയും മഹാരാഷ്ട്രയിൽനിന്ന‌് ഓറഞ്ചും യഥേഷ്ടം ജില്ലയിലെത്തുന്നുണ്ടെങ്കിലും വിൽപ്പനയിൽ കാര്യമായ അനക്കമുണ്ടാകുന്നില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top