20 September Thursday

കലിക്കറ്റ് ആദ്യ ഓഫീസ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടം അവഗണനയില്‍

സ്വന്തം ലേഖകൻUpdated: Friday Aug 3, 2018
തേഞ്ഞിപ്പലം
സുവർണ ജൂബിലിയാഘോഷിക്കുന്ന കലിക്കറ്റ് സർവകലാശാലയുടെ ആദ്യ ഓഫീസ് സമുച്ചയം അവഗണനയിൽ. ദേശീയപാതക്കരികെയുള്ള ഇപ്പോഴത്തെ വിദ്യാർഥി ക്ഷേമ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ചോർന്നൊലിച്ച് പല ഭാഗങ്ങളും ഇടിഞ്ഞ് വീഴാറായി. തേഞ്ഞിപ്പലത്തേക്ക് ആസ്ഥാനംമാറ്റിയതോടെ ഭരണ വിഭാഗം, പരീക്ഷാ ഭവൻ എന്നിവയുൾപ്പെടെ പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. ആദ്യ വൈസ് ചാൻസലർ ഡോ. എം എം ഗനിയുടെ ഓഫീസും ഇതിനകത്തായിരുന്നു. പിന്നീട് ഭരണ വിഭാഗത്തിനും പരീക്ഷാ വിഭാഗത്തിനുമൊക്കെ വെവ്വേറെ കെട്ടിടങ്ങളായതോടെ വിദ്യാർഥി ക്ഷേമ വിഭാഗത്തിന്റെ ഓഫീസായി മാറി. മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ചുമരുകൾ വെള്ളമിറങ്ങി തകർന്നുവീഴാറായ സ്ഥിതിയിലുമാണ്. ഒട്ടേറെ തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല. എന്‍ജിനിയറിങ് വിഭാഗം നവീകരണം പരിഗണിക്കുന്നുമില്ല. 
വിദ്യാർഥി ക്ഷേമ വിഭാഗം പ്രവർത്തിക്കുന്നതിന്റെ താഴത്തെ നിലയിൽ സർവകലാശാലയുടെ പ്രഥമ പ്രോ ചാൻസലർ സി എച്ച് മുഹമ്മദ്‌കോയയുടെ പേരിലുള്ള ചെയർ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥി ക്ഷേമ വിഭാഗത്തിന്റെ ചുമരുകൾ തകർന്നുവീണാൽ അതിനുള്ളിലുള്ളവർക്ക് അപകടം സുനിശ്ചിതം. സുവർണ ജൂബിലി വർഷത്തിൽ സർവകലാശാലയുടെതന്നെ സ്മാരകമായ ആദ്യ കെട്ടിടത്തിനോട് കാണിക്കുന്ന അവഗണന ശരിയല്ലെന്ന അഭിപ്രായത്തിലാണ് ജീവനക്കാർ. 
നേരത്തെ വിദ്യാർഥി ക്ഷേമ വിഭാഗത്തിനകത്തുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി യൂണിയൻ ഓഫീസ് ടാഗോർ നികേതനിലേക്ക് മാറ്റിയിരുന്നു. 
ടാഗോർ നികേതന്റെ മുകളിലെനില വിദ്യാർഥി ക്ഷേമ വിഭാഗത്തിനായി അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മുൻ വൈസ് ചാൻസലറുടെ കാലത്ത് അത് അട്ടിമറിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top